
പാലക്കാട് : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാർ വകുപ്പുകളിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകൾ എന്തു കൊണ്ട് നികത്തുന്നില്ലെന്ന് ബിനോയ് വിശ്വം ചോദിച്ചു. സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകളാണുള്ളത്. എന്നാൽ ഇത് സമയത്ത് നികത്തുന്നില്ല. ഐഎഎസ്, ഐപിഎസ് പോലുള്ള വലിയ തലകൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ബിനോയ് വിശ്വം ആരോപിച്ചു.
കോൺഗ്രസിലെ നേതൃമാറ്റത്തെ ബിനോയ് വിശ്വം പരിഹസിച്ചു. തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് മാത്രം കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. കോൺഗ്രസിന് നയ വ്യതിയാനം സംഭവിച്ചു. ഗാന്ധി-നെഹ്റു ആശയങ്ങളിൽ നിന്നും വ്യതിചലിച്ച് വലതുപക്ഷ നയങ്ങളാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്. തലകൾ മാറിയത് കൊണ്ട് കാര്യമില്ലെന്ന് തെളിഞ്ഞുവെന്നാണ് വീണ്ടും മാറ്റത്തിലൂടെ മനസിലായതെന്നും കോൺഗ്രസിന് അന്തമായ ഇടതു വിരോധമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.