
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ വേണ്ടെന്ന നിലപാടിലാണ് സി പി ഐ എന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും പ്രതിപക്ഷ നേതാവ് പദവിയിൽ സി പി ഐ ഇടപെടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പദവി സിപിഎമ്മിൻ്റെ അവകാശമാണ്. ഇക്കാര്യത്തിൽ സി പി ഐ ഇടപെടില്ലെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു. പാർട്ടി യോഗത്തിൽ പിണറായി വേണ്ടെന്ന നിലയിൽ ചർച്ചകളുയർന്നെന്ന വാർത്തകളും അദ്ദേഹം തള്ളിക്കളഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ ആൾ വരണമെന്നും പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടിയെന്നും സി പി ഐ നേതൃയോഗത്തിൽ വിമർശനമുയർന്നു എന്നായിരുന്നു വാർത്ത.
പ്രതിപക്ഷനേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സി പി എമ്മിന്‍റേതാണ്. അതിൽ ഇടപെടാൻ സി പി ഐക്ക് താത്പര്യമില്ല. ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
അതേസമയം 10 വർഷത്തെ ഭരണത്തിന് ശേഷം എൽ ഡി എഫ് പ്രതിപക്ഷത്തായപ്പോൾ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെയാവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാകും ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. സി പിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam