13 മണിക്കൂർ നീണ്ട സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, 'സ്ഥിതി അതീവ ഗൗരവതരം, പാർട്ടി അടിത്തറ നഷ്ടമായ അവസ്ഥയിൽ'; തോൽവിയിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം

Published : May 06, 2026, 11:36 PM IST
CPM

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേർന്ന 13 മണിക്കൂർ നീണ്ട സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. പാർട്ടിയുടെ അടിത്തറ നഷ്ടമായെന്നും ജനങ്ങളിൽ നിന്ന് അകന്നുവെന്നും വിലയിരുത്തിയ യോഗം, കൂടുതൽ വിപുലമായ പരിശോധനകൾ നടത്താൻ തീരുമാനിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ചേർന്ന സി‌ പി ‌എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. പത്തു മണിക്ക് ആരംഭിച്ച് 13 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ ചർച്ച രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. പാർട്ടിയുടെ അടിത്തറ നഷ്ടമായ അവസ്ഥയാണെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് അംഗങ്ങൾ ഉയർത്തിയത്. പ്രാദേശിക തലത്തിൽ തയ്യാറാക്കിയ വോട്ട് കണക്കുകൾ പാടെ പാളിയെന്നും പാർട്ടി അണികളിലുണ്ടായ വോട്ടുചോർച്ച തിരിച്ചറിയാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. സ്ഥിതി അതീവ ഗൗരവമാണെന്നും കേവലം സാങ്കേതികമായ വിലയിരുത്തലുകൾ കൊണ്ട് മാത്രം കാര്യമില്ലെന്നും സെക്രട്ടേറിയറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കീഴ്ഘടകങ്ങൾ ജനങ്ങളിൽ നിന്ന് അകന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായതെന്ന് യോഗം വിലയിരുത്തി. കണക്കുകൾ മാത്രം നോക്കി പോകുന്ന പതിവ് ശൈലി മാറ്റണമെന്നും താഴെത്തട്ടിലുള്ളവരുമായി മുൻവിധികളില്ലാതെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും നേതൃത്വം തയ്യാറാകണമെന്നും ആവശ്യമുയർന്നു. പാളിച്ചകൾ തുറന്നുസമ്മതിച്ചുതന്നെ മുന്നോട്ടുപോകണം. അണികളുടെ മനസ്സ് വായിക്കാൻ പോലും നേതൃത്വത്തിന് കഴിയാത്ത സാഹചര്യം പരിശോധിക്കണമെന്നും വിമർശനം ഉയർന്നു. വരും മാസങ്ങളിൽ കൂടുതൽ വിപുലമായ പരിശോധനകളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം.

തോൽവിക്ക് കാരണമായത് പ്രധാനമായും 3 കാര്യങ്ങൾ

പ്രധാനമായും 3 കാര്യങ്ങളിലാണ് വിമർശനം ഉയർന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച തോൽവിക്ക് കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കണ്ണൂർ പാർട്ടിയിലെ പ്രശ്നങ്ങളാണ് വിമർശനത്തിന് വിധേയമായ മറ്റൊരു കാര്യം. കണ്ണൂരിലെ സംഘടന വിഷയങ്ങളിൽ പരിഹാരം കാണാൻ നേതൃത്വത്തിനായില്ലെന്നും ഇത് തോൽവിക്ക് കാരണമായെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. സംസ്ഥാന തലത്തിലെ സംഘടനാ വീഴ്ച പരിഹരിക്കാൻ നേതൃത്വത്തിന് ആയില്ലെന്നും വിമർശനമുയർന്നു. അതേസമയം യോഗത്തിന് ശേഷം മാധ്യങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തോൽവി അപ്രതീക്ഷിതമായിരുന്നുവെന്നാണ് പറഞ്ഞത്. എന്നും തിരുത്തലുകൾ നടത്തി തിരിച്ചുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുത്തലുകളിലൂടെ പാർട്ടി തിരിച്ചുവരുമെന്നും മെയ്, ജൂൺ മാസങ്ങളിലായി യോഗം ചേർന്ന് വിശദമായി വിശലകനം നടത്തി തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം വി ഗോവിന്ദൻ പറഞ്ഞത്

പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് സി പി എം തുടർ നടപടി ആലോചിക്കും. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് സി പി എം സംസ്ഥാന സെക്രട്ടറി വാർത്താസമ്മേളനം നടത്തിയത്. മെയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും. പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡി സിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. തോൽവിയെ കുറിച്ച് എല്ലാവരും മറുപടി പറയുമെന്ന് പറഞ്ഞ എം വി ഗോവിന്ദൻ, മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. അഞ്ചുമിനിറ്റിനുള്ളിൽ തന്നെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അത് ബോംബല്ല! കണ്ണൂർ പൊയിലൂരിൽ 13കാരന് സ്ഫോടനത്തിൽ പരിക്കേറ്റ സംഭവം, പൊട്ടിയത് പടക്കം
പതിവുപോലെ താൻ തോറ്റെന്ന് പത്മജ വേണുഗോപാൽ; 'രാഷ്ട്രീയത്തിന്‍റെ പേരിൽ വെറുക്കരുത്, ചീത്ത പറയരുത്'