Latest Videos

Silver Line : കെ റെയിലിനായി റെയില്‍വേ മന്ത്രിയെ കണ്ട് ഇടത് എംപിമാര്‍, ക്ഷണിച്ചിട്ടും പോകാതെ ബിനോയ് വിശ്വം

By Web TeamFirst Published Dec 17, 2021, 2:14 PM IST
Highlights

പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പദ്ധതി പരിസ്ഥിതിക്ക് ദോഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പിലുള്ളപ്പോള്‍ കണ്ണടച്ച് അനുകൂലിക്കാനാകില്ലെന്ന നിലപാടാണ്  ബിനോയ് വിശ്വത്തിന്‍റേതെന്നാണ് സൂചന.

ദില്ലി: കെ റെയില്‍ (K Rail) പദ്ധതിയില്‍ ഇടത് പക്ഷത്തും വിരുദ്ധ ചേരികള്‍. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രറയില്‍വേ മന്ത്രിയെ കണ്ട ഇടത് എംപിമാരുടെ സംഘത്തിനൊപ്പം ബിനോയ് വിശ്വം (Binoy Viswam) ചേര്‍ന്നില്ല. അശ്വിനി വൈഷ്ണവിനെ കാണാനുള്ള സിപിഎം ക്ഷണം ബിനോയ് വിശ്വം നിരസിച്ചു. പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പദ്ധതി പരിസ്ഥിതിക്ക് ദോഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പിലുള്ളപ്പോള്‍ കണ്ണടച്ച് അനുകൂലിക്കാനാകില്ലെന്ന നിലപാടാണ്  ബിനോയ് വിശ്വത്തിന്‍റേതെന്നാണ് സൂചന. പദ്ധതിയെ കാനം അനുകൂലിച്ചപ്പോള്‍ ബിനോയ് വിശ്വത്തിന്‍റെ നിലപാടോടെ സിപിഐയിലും രണ്ട് പക്ഷമുണ്ടെന്ന് വ്യക്തമാകുകയാണ്. 

സിപിഐ സംസ്ഥാന കൗൺസിലിലും പദ്ധതിയിൽ വ്യത്യസ്ത നിലപാട് ഉയർന്നിരുന്നു. പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനൊപ്പം നില്‍ക്കരുതെന്ന് സിപിഎം എംപിമാർ അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. അതേസമയം കെ റെയില്‍ എംഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്ട്ര മുന്‍ കണ്‍സള്‍ട്ടന്‍റും റെയില്‍വേ മുന്‍ ചീഫ് എ‍ഞ്ചിനിയറുമായ അലോക് വര്‍മ്മ രംഗത്തെത്തി. പ്രാഥമിക സാധ്യത പഠന റിപ്പോര്‍ട്ട് താന്‍ സിസ്ട്രയിലുള്ളപ്പോള്‍ തന്നെയാണ് നടപ്പാക്കിയതെന്നും കെ റെയില്‍ എംഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോക് വര്‍മ്മ പറഞ്ഞു. ജിയോളജിക്കല്‍, ഗ്രൗണ്ട്, ടോപ്പോഗ്രാഫിക് സര്‍വ്വേകള്‍ നടത്താതെ ഗൂഗിള്‍ എര്‍ത്ത് ഇമേജ് ഉപയോഗിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അലോക് വര്‍മ്മ ആരോപിച്ചു. 
 

click me!