പദ്ധതിയുടെ ഗുണങ്ങളും വിശദീകരണങ്ങളും വ്യക്തമാക്കിയുള്ള രണ്ട് പേജുള്ള നിവേദനം എംപിമാര്‍ മന്ത്രിക്ക് നല്‍കി. 

ദില്ലി: സിൽവർ ലൈൻ പദ്ധതിയിൽ (Silver Line Project) റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ (Ashwini Vaishnaw) കണ്ട് ഇടത് എംപിമാർ. പദ്ധതി തകർക്കാനുള്ള നീക്കം അനുവദിക്കരുതെന്ന് എംപിമാര്‍ അഭ്യർത്ഥിച്ചു. എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് മന്ത്രിയെ കണ്ടത്. പദ്ധതിയെക്കുറിച്ചുള്ള വിശദീകരണങ്ങളും ഗുണങ്ങളും വ്യക്തമാക്കിയുള്ള രണ്ട് പേജുള്ള നിവേദനം എംപിമാര്‍ മന്ത്രിക്ക് നല്‍കി. 

അതേസമയം കെ റെയില്‍ എംഡിയുടെ വാദങ്ങളെ തള്ളി റിട്ട. റയില്‍വേ ചീഫ് എഞ്ചിനിയര്‍ അലോക് വര്‍മ്മ രം​ഗത്തെത്തി. സിസ്ട്രയില്‍ താനുണ്ടായിരുന്ന കാലത്ത് തന്നെ പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത് ബ്രോഡ് ഗേജ് പാതക്ക് ആണ്. സാധ്യത റിപ്പോര്‍ട്ടില്‍ മാര്‍ച്ച് 2019 ല്‍ തന്നെ കെ റെയില്‍ എംഡി പ്രതികരണമറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അലോക് വർമ്മ സിസ്ട്രയിലുള്ള സമയത്ത് സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നില്ലെന്നാണ് കെ റെയിൽ വാദം. അന്തിമ സാധ്യത റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗൂഗിള്‍ എര്‍ത്ത് രീതി അവലംബിച്ചാണെന്ന് അലോക് വര്‍മ്മ പറയുന്നു. ഗ്രൗണ്ട് സര്‍വ്വേ നടത്തിയിട്ടില്ല. അന്തിമ സാധ്യത റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ജനങ്ങളെയും സര്‍ക്കാരിനെയും കെ റെയില്‍ വ‍ഞ്ചിക്കുകയാണെന്നും അലോക് വര്‍മ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.