
തിരുവനന്തപുരം: എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയായിരുന്നു ഇന്നും ഈ സ്ഥിതി തുടരുകയാണെന്നും ഭ്രാന്തിന്റെ ഏറ്റവും പുതിയ മറു പേരായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി തിരുവനന്തപുരം ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഹിരോഷിമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനമാണ് ജീവിതമെന്ന് ചരിത്രം മാനവരാശിയെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ യുദ്ധത്തിന്റെ നിഴലിൽ നിന്ന് നമുക്ക് മാറാനാകുന്നില്ല. സാമ്രാജ്യത്വത്തിനും ആയുധക്കച്ചവടക്കാർക്കും യുദ്ധം അനിവാര്യമാണ്.മനുഷ്യ ശക്തിക്കെതിരെ ഫാസിസത്തിനും തിന്മകൾക്കും അധികകാലം പിടിച്ചു നിൽക്കാനാകില്ലെന്ന് ഡൽഹിയിൽ യുവജനങ്ങൾ നടത്തിയ സമര വിജയം തെളിയിച്ചു. ആയതിനാൽ സമാധാന പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐപ്സോ ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. റ്റി ശരത്ശ്ചന്ദ്രപ്രസാദ്, പാളയം സെൻ്റ് ജോസഫ്സ് ഇടവക വികാരി മോൺസിഞ്ഞോർ ഇ വിൽഫ്രഡ്, അഡ്വ. എംഎ ഫ്രാൻസിസ്, സിആർ ജോസ് പ്രകാശ്, ഇ വേലായുധൻ, ഡോ. സി ഉദയകല, എസ് സുധികുമാർ, പി.എസ് നായിഡു, പ്രസീദ് പേയാട് എന്നിവർ സംസാരിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുമാരംഭിച്ച സമാധാന ജാഥ പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ബിജു പെരുമ്പുഴയുടെ നേതൃത്വത്തിൽ യുവകലാസാഹിതി ഗായക സംഘം സമാധാന ഗീതങ്ങൾ ആലപിച്ചു. ജാഥക്കും അനുസ്മരണ പരിപാടികൾക്കും ജയശ്ചന്ദ്രൻ കല്ലിംഗൽ, എൻ.ഷൺമുഖo പിള്ള, പി.ചന്ദ്രസേനൻ, കെ.ആനന്ദൻ, പി. ഗണേശൻ നായർ, വി.ആർ. ജനാർദ്ദനൻ, എസ്.സതീഷ്കുമാർ, അഡ്വ. കെ.സി. വസന്തകുമാർ, ഡോ. അജു സൈഗാൾ തുടങ്ങിയവർ നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam