കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കരട് രേഖയിൽ വിശദീകരണവുമായി കേരള സർവ്വകലാശാല വൈസ് ചാൻസിലർ. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖയെന്നും വൈസ് ചാൻസിലർമാർ മാത്രം തീരുമാനം എടുത്താൽ അത് അംഗീകരിക്കില്ലെന്നും കായിക മന്ത്രി ഒജെ ജനീഷ്.
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കരട് രേഖയിൽ വിശദീകരണവുമായി കേരള സർവ്വകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. പുറത്തുവന്നത് ഒറിജിനൽ രേഖ അല്ലെന്നും അത്തരം ഒരു രേഖ തയാറാക്കിയിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖയെന്നും വൈസ് ചാൻസിലർമാർ മാത്രം തീരുമാനം എടുത്താൽ അത് അംഗീകരിക്കില്ലെന്നും കായിക മന്ത്രി ഒജെ ജനീഷ് പ്രതികരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് കരട് രേഖ പുറത്തിറക്കിയത്. സർക്കാർ അതിന് അനുകൂലമല്ല. സർക്കാരിന് കൃത്യമായ അഭിപ്രായം ഉണ്ട്. യൂത്ത് കോൺഗ്രസും അനുകൂലിക്കില്ല. കേരളത്തിൽ വിദ്യാർഥി രാഷ്ട്രീയം തെറ്റല്ലെന്നും പ്രധാന നേതാക്കൾ വന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആണെന്നും ഒജെ ജനീഷ് പറഞ്ഞു.
ക്യാമ്പസ്സിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസ്സിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ നിർദേശങ്ങൾ. എതിർപ്പുമായി ഇടത്, വലത് സംഘടനകൾ രംഗത്തെത്തി. ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.
