
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയും എൽഡിഎഫിന്റെ മുതിർന്ന നേതാവുമായ ബിനോയ് വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എ.എ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. ബിനോയ് വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും അത് രഹീം മനസിലാക്കി എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടിയിരുന്നതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.
വലതുപക്ഷവും മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ
എസ്എഫ്ഐയുടെ ലേബലിൽ ചില ക്രിമിനലുകൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് തിരിത്തുവാൻ എസ്എഫ്ഐ തയ്യാറാകണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. വിമർശനം ഉൾക്കൊണ്ട് കൊണ്ട് എസ്.എഫ്.ഐ രാഷ്ട്രീയത്തിന്റെ പ്രയോഗരീതികളില്‍ പരിഷ്‌ക്കരണത്തിന് ആഹ്വാനം നൽകാതെ ബിനോയ് വിശ്വത്തിന്നെതിരെ ആരോപണം ഉന്നയിക്കുന്ന എ എ റഹീം എം പിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
ഇടതുപക്ഷം കൂടുതൽ തിരുത്തലുകൾക്ക് വിധേയമാകേണ്ട കാലഘട്ടത്തിൽ ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam