പക്ഷിപ്പനിയെന്ന് സംശയം: മലപ്പുറത്ത് ചത്ത മൂന്ന് പക്ഷികളുടെ സാമ്പിൾ പരിശോധിക്കും

By Web TeamFirst Published Mar 7, 2020, 6:32 PM IST
Highlights

മലപ്പുറം പെരുവള്ളൂർ പഞ്ചായത്തിലാണ് മൂന്ന് പക്ഷികൾ ചത്തതായുള്ള വിവരം കിട്ടിയത്. കോഴിക്കോട്ട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനമെമ്പാടും കനത്ത ജാഗ്രതാ നിർദേശമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സാമ്പിളുകൾ പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മലപ്പുറം: പക്ഷിപ്പനിയെന്ന് സംശയമുയർന്നതിനെത്തുടർന്ന് മലപ്പുറം പെരുവള്ളൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂന്ന് കാക്കകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാൻ തീരുമാനം. കാക്കകൾ വഴിയരികിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് കിട്ടിയതിനെത്തുടർന്ന് ഇവ വിശദപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. എ സജീവ് കുമാർ വ്യക്തമാക്കി. 

ഇതിന്‍റെ ഭാഗമായി ആദ്യസാമ്പിൾ പാലക്കാട്ടേക്ക് അയച്ചു. ഇതിൽ ആദ്യഘട്ടം പോസിറ്റീവാണെന്ന് കണ്ടാൽ ഭോപ്പാലിലേക്ക് സാമ്പിളയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. 

കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിക്കും. എന്നാൽ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

എല്ലാ ഒരുക്കങ്ങളും മുൻകരുതലുകളും എടുത്തു. കൂടുതൽ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്. കളക്ടറുടെയും ഡിഎംഒയുടെയും സാന്നിദ്ധ്യത്തിൽ സാഹചര്യം വിലയിരുത്താൻ യോഗം ചേർന്നിട്ടുണ്ടെന്നും എല്ലാ ജാഗ്രതാനടപടികളും സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടവും അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിഫാം സ്ഥിതി ചെയ്യുന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍ കോഴിയടക്കം എല്ലാതരം പക്ഷികളുടേയും വില്‍പനയും ഇറച്ചി വ്യാപാരവും നിരോധിച്ച് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിറക്കി. 

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ എല്ലാ ചിക്കന്‍ സ്റ്റാളുകളും ഫാമുകളും അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഇതോടൊപ്പം അലങ്കാരപ്പക്ഷികളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പക്ഷിവിഭവങ്ങളൊന്നും (കോഴി,കാട,താറാവ്) വില്‍ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. 

രോഗം പടരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാ പക്ഷികളെയും നശിപ്പിക്കണമെന്നും മന്ത്രി. പക്ഷികളെ നശിപ്പിക്കാനായി സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്ക്വാഡിൽ ഉള്ളവർ മുൻകരുതലുകൾ സ്വീകരിച്ചശേഷം നാളെ രാവിലെ മുതൽ നശീകരണ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ഫാമുകൾ ഉൾപ്പെടെ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യരിലേക്ക് പകരുമെന്ന കാര്യത്തിൽ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജു പറഞ്ഞു. 

click me!