പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, പക്ഷികളെ കൊന്നൊടുക്കുന്നു, ആശങ്ക വേണ്ടെന്ന് അധികൃതർ

By Web TeamFirst Published Jan 5, 2021, 12:05 PM IST
Highlights

ഇതിനിടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തി. അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്തമായി  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികളാണ് ആരംഭിച്ചത്. 

കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കാൻ തുടങ്ങി. നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളര്‍ത്തു പക്ഷികളെയും ഇതുവരെ ദ്രുതകര്‍മ്മ സേന കൊന്നു. 

ജില്ലാ കളക്ടര്‍ രൂപീകരിച്ച എട്ട് ദ്രുത കര്‍മ്മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറു സംഘങ്ങളെയും പുറത്ത് രണ്ടു സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികള്‍. 

ആലപ്പുഴയിൽ വളർത്ത് പക്ഷികളെ നശിപ്പിക്കാൻ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ എം ദിലീപ് ആലപ്പുഴയിൽ പറഞ്ഞു. നശിപ്പിക്കുന്ന വലർത്തു പക്ഷികൾക്ക് കർഷകർക്ക് ആനുപാതിക നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതിനിടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തി. അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

 

 

 

click me!