പക്ഷിപ്പനി; കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച സഹായം ഉടൻ നൽകുമെന്ന് മന്ത്രി

By Web TeamFirst Published Jan 6, 2021, 5:27 PM IST
Highlights

പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ജാഗ്രത വേണം.

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളിൽ നാളെ കേന്ദ്ര സംഘം എത്തും. കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. എന്നാൽ സമഗ്ര സാമ്പത്തിക പാക്കേജ് എന്ന കർഷകരുടെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊല്ലുന്നത് നാളെ അവസാനിക്കുമെങ്കിലും പത്ത് ദിവസം കൂടി  ജാഗ്രത തുടരും.

പക്ഷിപ്പനിക്ക് കാരണമായ എച്ച5എൻ8 വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. എന്നാൽ വകഭേദം സംഭവിച്ചാ‌ൽ സ്ഥിതി സങ്കീർണമാകും. ഇക്കാര്യത്തെ കുറിച്ച് പഠിക്കാനാണ് പ്രധാനമായും കേന്ദ്രസംഘം   എത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം, മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധർ സംഘത്തിലുണ്ടാകും. പക്ഷിപ്പനി ബാധിച്ച് നേരത്തെ ചത്ത പക്ഷികൾക്കും പ്രതിരോധനടപടിയുടെ ഭാഗമായി കൊന്നൊടുക്കിയ പക്ഷികൾക്കുമായി സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായം കർഷകർക്ക്  ഉടൻ നൽകും. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപ, രണ്ട് മാസത്തിൽ കൂടുതൽ പ്രായമുള്ളതിന് 200 രൂപ,  നശിപ്പിക്കുന്ന ഒരോ മുട്ടയ്ക്ക് അഞ്ച് രൂപ  എന്നിങ്ങനെയാണ് സഹായം.  2014 ൽ രോഗം സ്ഥിരീകരിച്ചപ്പോൾ നൽകിയ അതേ സാമ്പത്തിക സഹായമാണ്  ഇപ്പോഴും പ്രഖ്യാപിച്ചത്. കൂടുതൽ സഹായമെന്ന കർഷകരുടെ ആവശ്യം സർക്കാർ പിന്നീട് പരിഗണിക്കും.

പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളിൽ 44883 പക്ഷികളെ കൊന്നു. ദ്രുതകർമ്മ സേനയുടെ ജോലികൾ നാളെ തീരുമെങ്കിലും രോഗം ബാധിച്ച മേഖലകളിൽ ജാഗ്രത തുടരും. ആരോഗ്യവകുപ്പിന്‍റെ സർവേയും തുടരും. ദേശാടനപക്ഷികൾ വഴി പക്ഷിപ്പനി എത്തിയെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ കണ്ടെത്തൽ.

click me!