
ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും സാമൂഹിക-സാംസ്കാരിക പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികളെ ആദരിക്കുന്നതിനായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെയും കേരള പട്ടികജാതി പട്ടികവർഗ ഗവേഷണ, പരിശീലന വികസന പഠന വകുപ്പ് (KIRTADS), കേരളം സർക്കാരിന്റെയും ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള അൺസങ് ഹീറോസ് ദേശീയ പുരസ്കാരം 2026 പ്രഖ്യാപിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ധീരമായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലും പൊതുസമൂഹത്തിലും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ ഗോത്രവർഗ വിഭാഗങ്ങളിലെ പ്രതിഭകളെയും സാമൂഹിക പ്രവർത്തകരെയും അവരുടെ നിസ്തുലമായ സേവനങ്ങളെയും സംഭാവനകളെയും കണ്ടെത്തി ആദരിക്കുകയും സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം.
ഗോത്രവർഗ സമൂഹങ്ങളുടെ സാമൂഹിക ശാക്തീകരണം, വിദ്യാഭ്യാസം, കല, സാഹിത്യം, സംസ്കാരം, പരമ്പരാഗത വിജ്ഞാനം, സാമൂഹിക സേവനം, ഗോത്രാവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
രാമചന്ദ്രൻ കണ്ടാമല ( വയനാട് ) ബിന്ദു എം, (വയനാട് ) വേലായുധൻ പി.വി( വയനാട് ) ബാലൻ എം.എം ( വയനാട് ) ഡോ. നിധീഷ് കുമാർ ( വയനാട് ) സുകുമാരൻ സി.ആർ, ( വയനാട് ) അനീഷ് പി. സോമൻ( വയനാട് ) വി.പി. ഐത്തപ്പ,(കാസർഗോഡ്) ഒ.കെ. പ്രഭാകരൻ (കാസർഗോഡ്) ലിജിന കടുമേനി,(കാസർഗോഡ്) ഉണ്ണികൃഷ്ണൻ പി ആർ ( പ്രദീപ്, അശോകൻ കാണി എം, (തിരുവനന്തപുരം) ചെമ്പൻകോട് മണികണ്ഠൻ, (തിരുവനന്തപുരം) മുരുകേശൻ എസ്.വി, ( ഇടുക്കി ) എന്നിവരാണ് അവാർഡിന് അർഹരായവർ.
ഗോത്രസമൂഹങ്ങളുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ഗോത്രവിഭാഗങ്ങളിലെ ധീരരായ വ്യക്തികളുടെയും സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയവരുടെയും സംഭാവനകൾ പരിചയപ്പെടുത്തുന്നതിനും പുരസ്കാരം പ്രചോദനമാകും.
പുരസ്കാര ജേതാക്കൾക്ക് 10,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും മെമന്റോയും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നൽകുന്നതാണ്. പുരസ്കാര വിതരണം നവംബർ 15-ന് കോഴിക്കോട് ചേവായൂരിലുള്ള വാക്സിന്റെ ക്യാമ്പസിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam