
തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ. നിലവിൽ വളർമതി ഐസിയുവിൽ തുടരുകയാണ്. നിരാഹാരം അവസാനിപ്പിച്ചിട്ടുമില്ല. ഭക്ഷണം കഴിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി വഷളാകുമെന്ന് ആർഎംഒ പറഞ്ഞു. വളർമതി നിരാഹാരം തുടങ്ങിയിട്ട് ഇന്ന് ഇരുപതാം ദിവസമാണ്. ഇന്നലെയാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടുകയായിരുന്നു. പൊലീസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സമരം ആരംഭിച്ച് 129-ാം ദിവസമായിരുന്നു പോലീസെത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച് നേടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam