ഒറ്റപ്പാലത്തു നിന്ന് അറസ്റ്റിലായ ഗുരുമൂർത്തിക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ ആണ് തൃശൂർ എസിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിക്കുന്നത്.
തൃശൂർ: തൃശൂരിൽ അറസ്റ്റിലായ തമിഴ്നാട്ടുകാരൻ ഗുരുമൂർത്തി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തി ലോറൻസ് ബിഷ്ണോയ് സംഘത്തിന് കൈമാറിയതായി പോലീസ്. ചിത്രങ്ങൾ എടുത്തതിന് 20,000 രൂപയ്ക്ക് തുല്യമായ ഡോളറുകൾ ലഭിച്ചു. ഗുരുമൂർത്തിയുമായി തൃശൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് തുടങ്ങി.
ഒറ്റപ്പാലത്തു നിന്ന് അറസ്റ്റിലായ ഗുരുമൂർത്തിക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ ആണ് തൃശൂർ എസിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിക്കുന്നത്. തിരുനെൽവേലി സ്വദേശിയായ ഗുരുമൂർത്തി ദീർഘകാലം മുംബൈയിൽ ആയിരുന്നു. ഹോട്ടൽ തൊഴിലാളിയായി കഴിഞ്ഞു വരവേയാണ് വിഷ്ണു സംഘവുമായി ഗുരുമൂർത്തി ബന്ധം വയ്ക്കുന്നത്. ബോളിവുഡ് താരങ്ങൾ അടക്കം സഞ്ചരിക്കുന്ന വഴികളുടെ ചിത്രങ്ങൾ എടുത്തു നൽകാനാണ് വിഷ്ണു സംഘം ഗുരുമൂർത്തിയെ ഉപയോഗിച്ചത്. പ്രതിഫലമായി ഡോളർ ആയിരുന്നു ഇയാൾക്ക് നൽകിയത്. ഈ ഡോളർ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് ഗുരുമൂർത്തി മാറ്റിയിരുന്നത്. ചിത്രങ്ങൾ എടുത്ത ഫോൺ ഉദുമൽപേട്ടയിലെ ഭാര്യവീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി എന്ന വിവരം ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നും പോലീസിന് വ്യക്തമായി.
ഗുരുമൂർത്തിയുടെ കൂടുതൽ ബന്ധങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗുരുമൂർത്തിയെ നിരീക്ഷിച്ചു വന്നത്. നാല് മാസമായി ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിക്കാരൻ ആയിരുന്നു ഗുരുമൂർത്തി. ഒറ്റപ്പാലത്തെ കടയിൽ നിന്നാണ് ഗുരുമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിയൂർ അതീവ സുരക്ഷാ ജയിലിൽ റിമാൻഡ് ചെയ്ത ഗുരുമൂർത്തിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട് എന്നതിനാൽ കസ്റ്റഡി കാലാവധി അന്വേഷണസംഘം നീട്ടി ചോദിച്ചേക്കും. ദേശീയ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













