കുറ്റവിമുക്തനായതിന് പിന്നാലെ പിസി ജോര്‍ജിനെ സന്ദര്‍ശിച്ച് ബിഷപ്പ്; വാദി ഭാഗത്തിനെതിരെ ആഞ്ഞടിച്ച് പിസി

By Web TeamFirst Published Jan 15, 2022, 11:52 AM IST
Highlights

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. എഐജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്.  അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് 

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ(Nun Rape Case) കുറ്റവിമുക്തനായതിന് പിന്നാലെ പൂഞ്ഞാര്‍ മുന്‍എംഎല്‍എ പിസി ജോർജുമായി (P C George) കൂടിക്കാഴ്ച നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ (Bishop Franco Mulakkal). ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് പി സി ജോര്‍ജ് ഉയര്‍ത്തിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നാണ് പിസിയുടെ ആരോപണം.

എഐജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്.  അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോര്‍ജ് ചോദിക്കുന്നു. കന്യാസ്ത്രീ മഠത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മദ്യപിക്കുന്നത് താൻ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താൻ ആണ് ഓടിച്ചുവിട്ടതെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. ഈരാറ്റുപോട്ടയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി.

 

ഭരണങ്ങാനം അൽഫോൻസാമ്മയുടെ ഖബറിടത്തിലും ബിഷപ്പ് സന്ദര്‍ശനം നടത്തി. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. 

click me!