
തിരുവനന്തപുരം: ചൈനക്കെതിരെ സിപിഎം (CPM) പാറശാല ഏര്യാ കമ്മിറ്റി. ഇന്നത്തെ സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്നാണ് ഏര്യാ കമ്മിറ്റി ചോദ്യം. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയിൽ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നിങ്ങനെ പോകുന്നു വിമർശനം.
സിപിഎമ്മിന്‍റെ തന്നെ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ചൈനാ അനുകൂല പ്രസംഗം നടത്തിയത് വലിയ വിവാദമായിരുന്നു. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്നും അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചെന്നുമായിരുന്നു എസ് രാമചന്ദ്രൻ പിള്ളയുടെ അഭിപ്രായപ്രകടനം.
ചൈനയുടെ നേട്ടം മറച്ചുവെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നതായും എസ് ആർ പി കുറ്റപ്പെടുത്തിയിരുന്നു. ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു.
ഇതിനിടെ എസ്ആർപിയുടെ ചൈനീസ് അനുകൂല നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ ഇന്ത്യയിലെയും കേരളത്തിലെയും പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും സതീശൻ ചോദിച്ചു. ചൈനയിൽ മഴ പെയ്താൽ ഇവിടെ കുട പിടിക്കുന്ന ആളുകളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെന്നത് പണ്ടേ ഉള്ള ആക്ഷേമാണ്. അതിന് അടിവരയിടുന്ന നിലപാടാണ് സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള സ്വീകരിച്ചിരിക്കുന്നതെന്നാണ് സതീശൻ്റെ കുറ്റപ്പെടുത്തൽ.
ചൈനയുമായി അതിർത്തിയിൽ നിരന്തരം സംഘർഷമാണ്. അരുണാചൽ പ്രദേശിൽ ചൈനീസ് കയ്യേറ്റം നടന്നിരിക്കുകയാണ്. ഇങ്ങനെ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യ താൽപര്യത്തിന് അപ്പുറത്തേക്ക് ചൈനീസ് താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സിപിഎം നീക്കം പ്രതിഷേധാർഹമാണ്. സതീശൻ വ്യക്തമാക്കി.
അമേരിക്കൻ സാമ്രാജ്യത്തിന് സമാനമായ രീതിയിലാണ് ചൈനീസ് നയം പോകുന്നത്. നമ്മുടെ ശത്രു രാജ്യങ്ങളായി ബന്ധത്തിൽ ഏർപ്പെട്ട്
നമ്മുടെ ആഭ്യന്തര സുരക്ഷയ്ക്ക് പോലും ഭീഷണിയായി ചൈന മാറുന്ന സമയത്താണ് എസ്ആർപിയുടെ പ്രസ്താവനയെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ചൈനയുടെ കാര്യത്തിൽ എന്താണ് സിപിഎമ്മിന്റെ നയം എന്ന് വ്യക്തമാക്കണം. ചൈനയുടെ താൽപര്യമാണോ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ ഇന്ത്യയിലെ പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് സതീശന്റെ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam