
ആലപ്പുഴ : എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. എയിംസ് കേരളത്തിൽ എവിടെയായാലും സ്ഥാപിക്കാമെന്നാണ് ബിജെപി നിലപാടെന്ന് അഡ്വ. പി കെ ബിനോയ് വ്യക്തമാക്കി. എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് വ്യക്തമാക്കി.
കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്നതടക്കം കലുങ്ക് സംവാദത്തിൽ നിരവധി തവണയാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി എയിംസ് വിഷയം ഉയർത്തിയത്. എയിംസ് ആലപ്പുഴ ജില്ലയിൽ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി വിവിധ സ്ഥലങ്ങളിൽ പറഞ്ഞത്.
അതേ സമയം, എയിംസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഎം രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. സുരേഷ് ഗോപി പറയുന്നതിൽ കഴമ്പില്ലെന്നും എയിംസുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കുന്നു. കേരളത്തിൽ എവിടെ എയിംസ് വന്നാലും സ്വാഗതാർഹമാണ്. എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. പക്ഷേ 10 വർഷമായി കേന്ദ്രം തയ്യാറായിട്ടില്ല. എവിടെ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണ്. പക്ഷേ കേന്ദ്രം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നും ആർ നാസർ തുറന്നടിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam