രാജ്യദ്രോഹ ആരോപണവുമായി ബിജെപി; ശക്തമായി എതിര്‍ത്ത് മെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Mar 6, 2019, 6:58 AM IST
Highlights

കഴിഞ്ഞ വർഷം മെയിൽ കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ നടത്തിയ പരിപാടിയിൽ ഡോക്ടർ കഫീൽ ഖാന പങ്കെടുത്തിരുന്നു

കോഴിക്കോട്:  മെഡിക്കൽ കോളേജിൽ യുപിയിലെ ശിശുരോഗ വിദഗ്ദൻ ഡോക്ടർ കഫീൽ ഖാന്‍റെ സന്ദർശനം ഒരു വർഷത്തിന് ശേഷം വിവാദത്തിലേക്ക്. യൂണിയൻ പരിപാടിയിൽ കഖീൽ ഖാൻ പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിആരോപണം അടിസ്ഥാന രഹിതമെന്ന ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.

കഴിഞ്ഞ വർഷം മെയിൽ കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ നടത്തിയ പരിപാടിയിൽ ഡോക്ടർ കഫീൽ ഖാന പങ്കെടുത്തിരുന്നു. ഈ ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് ആരോപണമുന്നയിച്ച് ബിജെപി ആശുപത്രി വികസന സമിതിക്ക് പരാതി കൊടുക്കുകയും പ്രിൻസിപ്പൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 

എന്നാൽ പരിപാടി നടന്ന് ഒരു വർഷം തികയാറായപ്പാൾ പ്രിൻസിപ്പലിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബിജെപി രംഗത്തെത്തിയതോടെ കഫീൽ ഖാന്‍റെ സന്ദർശനം വിവാദമാവുകയാണ്. അതേ സമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് ബിജെപിയുടെ ഇടപെടലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ചെയർമാനായ ആശുപത്രി വികസന സമിതിയിലായിരുന്നു സിറ്റി പൊലീസ് ചീഫ് സംഭവം അന്വേഷിക്കണം എന്ന ആവശ്യമുയർന്നത്. ആവശ്യം സമിതി അംഗീകരിച്ചു. ചടങ്ങ് രാജ്യദ്രോഹപരമാണെന്ന് ആർക്കെങ്കിലും ആരോപണമുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിന്‍റെതെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. 

യോഗത്തിന്‍റെ മിനിറ്റ്സ് അംഗീകരിച്ച് വരാത്തതിനാൽ ഇതുവരെ കമ്മീഷണർക്ക് പരാതി നൽകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരാതി നൽകാന്‍ തീരുമാനിച്ച ആശുപത്രി വികസന സമിതിയുടെയും പ്രിൻസിപ്പലിന്‍റെയും നടപടിയഇൽ പ്രതിഷേധിച്ച് കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.
 

click me!