നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. റോഷി അഗസ്റ്റിന്റെ വികസന മുന്നേറ്റ യാത്രയുടെ സമാപന വേദിയിൽ നടന്ന ഈ പ്രഖ്യാപനം, എൽഡിഎഫിലെ ആദ്യ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായി
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. ഇതോടെ എൽ ഡി എഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനാണ് ഇടുക്കി വേദിയായത്. റോഷി അഗസ്റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. ഇടുക്കിയുടെ വികസന നായകൻ റോഷി തന്നെയായിരിക്കുമെന്നും മണ്ഡലത്തിൽ അദ്ദേഹത്തിന് ബദലായി മറ്റൊരു പേരില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. പ്രതീക്ഷിച്ച തീരുമാനമാണ് റോഷിയുടെ ഇടുക്കിയിലെ സ്ഥാനാർഥിത്വമെങ്കിലും മുന്നണിയിലെ ഔദ്യോഗിക ചർച്ചകൾ അവസാനിക്കും മുന്നേയുള്ള ജോസ് കെ മാണിയുടെ പരസ്യ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. കേരള കോൺഗ്രസ് എമ്മിൻ്റെ എല്ലാ എം എൽ എമാരും ഇക്കുറിയും മത്സരിക്കുമെന്ന് ജോസ് കെ മാണി വിവരിച്ചു. നിലവിലെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാൽനൂറ്റാണ്ടായി ഇടുക്കിയിലെ എം എൽ എയായി തുടരുന്ന റോഷി അഗസ്റ്റിൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021 ൽ യു ഡി എഫ് സ്ഥാനാർഥി കെ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി, നിയമസഭയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം



