
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരിനൊപ്പമുള്ള ‘ഐപിഎസ്’ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ആം ആദ്മി പാർട്ടി സ്ഥാനാർഥിയായ ടി. എസ്. രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശേഷം 'ഐപിഎസ്' എന്ന പദവി പേരിനൊപ്പം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥാനാർഥിയുടെ പോസ്റ്ററുകളിലും ഫ്ലക്സുകളിലും 'ഐപിഎസ്' എന്ന് രേഖപ്പെടുത്തിയിരുന്നത് മാറ്റി, തിരഞ്ഞെടുപ്പ് ഓഫിസിലെ ബോർഡിൽ 'ആർ. ശ്രീലേഖ' എന്ന് മാത്രമാണ് ഇപ്പോൾ എഴുതിയിരിക്കുന്നത്. ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന പ്രമുഖ വ്യക്തിത്വമാണ് ആർ. ശ്രീലേഖ. ഈ സാഹചര്യത്തിൽ പദവിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടുള്ള നടപടി ശ്രദ്ധേയമാണ്.