സുരേന്ദ്രനെതിരെ പടനീക്കവുമായി മറ്റു നേതാക്കൾ; ബിജെപി കോര്‍ കമ്മിറ്റി യോഗം കൊച്ചിയിൽ തുടങ്ങി

By Web TeamFirst Published Dec 24, 2020, 12:14 PM IST
Highlights

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുകയാണ് കോര്‍ കമ്മിറ്റി യോഗത്തിൻ്റെ മുഖ്യ അജൻഡയെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനും കൂടി ഇന്നത്തെ യോഗം വേദിയാവും

കൊച്ചി: പാര്‍ട്ടിയിൽ ഉൾപ്പോര് രൂക്ഷമായി തുടരുന്നതിനിടെ ബിജെപിയുടെ കോര്‍കമ്മിറ്റി യോഗം കൊച്ചിയിൽ ചേരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യുകയാണ് കോര്‍ കമ്മിറ്റി യോഗത്തിൻ്റെ മുഖ്യ അജൻഡയെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനും കൂടി ഇന്നത്തെ യോഗം വേദിയാവും എന്നാണ് സൂചന. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാൽ ഇന്നത്തെ യോഗത്തിന് എത്തിയിട്ടില്ല. 

തദ്ദേശ തെര‍ഞ്ഞെടുപ്പിൽ പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം നടത്തിയെന്ന് കോര്‍ കമ്മിറ്റി യോഗത്തിൽ സുരേന്ദ്രൻ അവകാശപ്പെട്ടേക്കും. എന്നാൽ തെര‍ഞ്ഞെടുപ്പിൽ പാര്‍ട്ടി പിന്നോട്ട് പോയെന്നാണ് കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും പറയുന്നത്. ഒ.രാജഗോപാലും നേരത്തെ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. 

അധികാരം പിടിക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരം കോര്‍പ്പറേഷനിൽ പാര്‍ട്ടിക്ക് കഴിഞ്ഞ തവണ കിട്ടിയ അതേ എണ്ണം സീറ്റുകളാണ് ഇക്കുറിയും ലഭിച്ചതെന്ന് സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനിൽ മുഖ്യപ്രതിപക്ഷമാവാൻ സാധിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും സംസ്ഥാന തലത്തിലും പാര്‍ട്ടിയുടെ പ്രകടനം മോശമായി പോയെന്നും പ്രബലവിഭാഗം കരുതുന്നു. 

തദ്ദേശതെരഞ്ഞെടുപ്പിനപ്പുറം ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെടുമോ എന്നതാണ് ഇന്നത്തെ യോഗത്തിൽ ഉറ്റുനോക്കപ്പെടുന്ന പ്രധാന കാര്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങാതെ മാറി നിൽക്കുകയും പരസ്യ പ്രതികരണം നടത്തി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്ത ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് സുരേന്ദ്രൻ്റെ നിലപാട്. തെരഞ്ഞെടുപ്പിൽ നേതാക്കൾ വിട്ടു നിന്നതടക്കമുള്ള എല്ലാ വശങ്ങളും കോർ കമ്മിറ്റിയിൽ പരിശോധിക്കുമെന്ന് കെ. സുരേന്ദ്രൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം താൻ അടക്കമുള്ള സീനിയര്‍ നേതാക്കളെ സംസ്ഥാന നേതൃത്വം അവഗണിക്കുകയാണ് എന്ന പരാതിയാവും ശോഭ സുരേന്ദ്രൻ ഉന്നയിക്കുക. കെപി ശ്രീശൻ, പിഎം വേലായുധൻ എന്നീ നേതാക്കളും ഇതേ വികാരം പങ്കുവയ്ക്കുന്നു. കോണ്‍ഗ്രസിൽ നിന്നും വന്നവര്‍ക്ക് കിട്ടുന്ന പരിഗണന പോലും ഇത്രയും കാലം പാര്‍ട്ടിക്കായി ജീവിതം കൊടുക്കുന്ന നേതാക്കൾക്ക് കിട്ടുന്നില്ലെന്നും അവര്‍ പരാതിപ്പെടുന്നു. 

വളരെ കാലത്തിന് ശേഷമാണ് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരുന്നത്. തദ്ദേശതെരഞഞെടുപ്പിന് മുൻപ് പോലും നിര്‍ണായകമായ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നില്ലെന്നത് പാര്‍ട്ടിക്കുള്ളിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. അതേസമയം പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് സി.പി രാധാകൃഷ്ണൻ പറഞ്ഞു. ശോഭ സുരേന്ദ്രനോ പാർട്ടി സംസ്ഥാന നേതൃത്വമോ പരാതി നൽകിയിട്ടില്ല. ശോഭ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

click me!