വിവാഹാഭ്യർത്ഥന നിരസിച്ചതിന് എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയായ നീതുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി നിതീഷിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി: വിവാഹാഭ്യർത്ഥന നിഷേധിച്ചതിന്റെ വൈരാഗ്യത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച് ഹൈക്കോടതി. തൃശ്ശൂർ ചിയ്യാരം സ്വദേശിനി നീതുവിനെ കുത്തിയും പെട്രോൾ ഒഴിച്ച് തീ വെച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി വടക്കേക്കാട് സ്വദേശി നിതീഷിന്റെ ശിക്ഷയാണ് കോടതി ശരിവെച്ചത്. തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും അടക്കമുള്ള ശിക്ഷ നിലനിൽക്കും.

Add Asianetnews as a Preferred SourcegooglePreferred

സെഷൻസ് കോടതി വിധിക്കെതിരെ നിതീഷ് അപ്പീൽ നൽകിയിരുന്നു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അപ്പീൽ തളളിയത്. 2019 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 21കാരിയായ നീതു താമസിച്ചിരുന്ന വീട്ടിലെ ശൗചാലയത്തിൽ ഒളിച്ച് കയറിയ പ്രതി, നീതുവിനെ കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. നീതു വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഐ.ടി ജീവനക്കാരനായിരുന്ന പ്രതിയാണ് കുറ്റകൃത്യം ചെയ്തതെന്നത് തെളിവുകളിൽ നിന്നും വ്യക്തമാണെന്നും കോടതി വിലയിരുത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോക്സിക്യൂട്ടർ ഷീബാ തോമസാണ് ഹാജരായത്.