
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ സുഗതനെ കാണാനില്ലെന്ന് സിപിഎം. ഇദ്ദേഹം ഒരു മാസമായി ഒളിവിലാണെന്ന് പൊലീസും പറയുന്നു. ഡിവിഷനിൽ പലയിടത്തായി കൗൺസിലറെ കാണാനില്ലെന്ന് ഫ്ലെക്സ് വച്ച് ഡിവൈഎഫ്ഐയും രംഗത്തുണ്ട്. കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആർ സുഗതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൗൺസിലറെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ് പറയുമ്പോഴും, ആർ സുഗതൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഭക്തിഗാനമേളയിൽ ബഹളമുണ്ടാക്കിയവരെ തടയുക മാത്രമാണ് സുഗതൻ ചെയ്‌തതെന്ന് ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ബോധപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് മറുവാദം. ക്ഷേത്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സുഗതൻ. കേസിലെ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. സുഗതൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നേരിട്ട് ഡിവിഷനിൽ കാണാനില്ലെങ്കിലും കൗൺസിലർ സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ട് ദിവസം മുൻപ് വരെ പദ്ധതി ആനുകൂല്യങ്ങളെക്കുറിച്ചുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കൗൺസിലർക്കെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി. 'തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ ഭാരതദർശനത്തിന് പോയ കൗൺസിലർ പിന്നീട് പൊങ്ങിയത് അടിക്കേസിൽ പ്രതിയായിട്ടാണ്' - എന്നെഴുതിയ ഫ്ലക്‌സ് ഡിവിഷനിൽ പലയിടത്തായി ഡിവൈഎഫ്ഐ സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam