
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കൗൺസിലർ അനിൽകുമാർ നേതൃത്വം നൽകിയിരുന്ന ഫാം ടൂർ സൊസൈറ്റിയിൽ ക്രമക്കേടും സാമ്പത്തിക പ്രതിസന്ധിയുമെന്ന് സഹകരണവകുപ്പ്. ചട്ട വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയെന്ന് അസി.രജിസ്ട്രാറുടെ റിപ്പോർട്ട്. സംഘത്തിന് 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പലിശ സഹിതം സെക്രട്ടറിയിൽ നിന്നും ഈടാക്കമെന്നും റിപ്പോർട്ട് വിശദമാക്കുന്നു. അനിൽ കുമാറിന്റെ ആത്മഹത്യ കേസ് ഡിവൈഎസ്പി തലത്തിലുള്ള മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറും. സാമ്പത്തിക ബാധ്യത കാരണം അനിൽ കടുത്ത മാനസികപ്രയാസത്തിലായിരുന്നുവെന്ന് അനിലിൻ്റെ സുഹൃത്തുക്കൾ പൂജപ്പുര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളുടേത് ഉൾപ്പെടെ മൊഴിയെടുക്കും. സെപ്തംബർ 20നാണ് അനിൽ കുമാറിനെ തിരുമലയിലെ കൗൺസിലർ ഓഫീൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ പ്രസിഡൻറായ സഹകരണ സംഘത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ആത്മഹത്യ. അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നിരുന്നു. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും അവർ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കൽ മുടക്കുന്നുവെന്നും കത്തിൽ പരാമർശമുണ്ട്.
തന്‍റെ ഭാഗത്തു നിന്നും ഒരു സാമ്പത്തികബാധ്യതയും വന്നിട്ടില്ല. ബിനാമി വായ്പകൾ നൽകിയിട്ടില്ല. എല്ലാ സംഘത്തിലുമുള്ള പോലെ പ്രതിസന്ധിയുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ എത്തുന്നു. പിരിഞ്ഞു കിട്ടാൻ ധാരാളം പണമുണ്ട്. നമ്മൾ നിരവധി പേരെ സഹായിച്ചു. മാനസികമായ സമ്മർദ്ദമുണ്ട്. എന്റെ പ്രസ്ഥാനത്തെയോ പ്രവർത്തകരെയോ ഹനിച്ചിട്ടില്ല. സഹകൗൺസിലർമാർ സഹകരിച്ചു. കുടുംബത്തെ വേട്ടയാടരുത്. നമ്മുടെ ആൾക്കാരെ സഹായിച്ചിട്ടും പല കാരണത്താൽ അവരുടെ തിരച്ചടവ് വൈകുന്നുവെന്നും കത്തിൽ പറയുന്നത്. ആറുകോടിയിലധികം രൂപ നിക്ഷേപകർക്ക് നൽകാനുണ്ടെന്നും താൻ ഒറ്റപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയുള്ള ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് കൗണ്‍സിലറുടെ ഓഫീസ് മുറിയിൽ അനിൽ കുമാർ ജീവനൊടുക്കിയത്. വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ആറ് കോടിയോളം ബാധ്യതയുണ്ട്.
സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിക്ക് 11കോടിയുടെ ആസ്തിയുണ്ട്. അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം. ഇതിന്‍റെ പേരിൽ കുടുംബത്തെ ഒറ്റപ്പെടുത്തരുത്. സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ബിജെപി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പിൽ വിമർശനമുണ്ട്. ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു.