ഓപ്പറേഷന്‍ നുംഖോര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന

Published : Sep 23, 2025, 10:57 AM ISTUpdated : Sep 23, 2025, 03:44 PM IST
Prithviraj Dulquer

Synopsis

പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. ഭൂട്ടാനിൽ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന.

കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു.

ഇന്ത്യയില്‍ എത്തിയത് 150 കാറുകള്‍, അതില്‍ 20 എണ്ണം കേരളത്തില്‍

ഭൂട്ടാനിൽ നിന്നുകൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നു എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. 150 കാറുകളാണ് നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയത് എന്നാണ് വിവരം. അതില്‍ 20 എണ്ണം കേരളത്തിലാണ്. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഭൂട്ടാനിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകളുണ്ട്. ഈ വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി അവിടെ രജിസ്റ്റർ ചെയ്യുകയും ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം ഹിമാചലിൽ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരിൽ പ്രമുഖ സിനിമാ താരങ്ങൾ, വ്യവസായികൾ എന്നിവർ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 

ഓപ്പറേഷന്‍ നുംഖോര്‍

നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നാണ് അർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് ഇന്ന് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്. ഇന്ത്യയിൽ മറ്റൊരു രാജ്യത്ത് നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200% തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടമുണ്ട്, തീരുവയുണ്ട്. ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം.

ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്‍യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭൂട്ടാനിൽ നിന്ന് റോഡ് മാർഗം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെത്തിച്ച് വ്യാജരേഖകളുണ്ടാക്കി ഇന്ത്യൻ രജിസ്ട്രേഷൻ സംഘടിപ്പിക്കും. അവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിച്ച് ആ സംസ്ഥാനങ്ങളിൽ വീണ്ടും രജിസ്ട്രർ ചെയ്യും. തട്ടിപ്പിന്റെ, നികുതി വെട്ടിപ്പിന്റെ ഒരു ട്രേസ് മാർക്ക് പോലും അവശേഷിപ്പിക്കാത്ത തരത്തിൽ കാറുകൾ നിരത്തിലിറക്കും. കാർ ഡീലർമാർ വഴി ഉപഭോക്താക്കളിലേക്ക്. സൂപ്പർ സ്റ്റാറുകൾ, പ്രമുഖ വ്യവസായികൾ, തുടങ്ങി വണ്ടിപ്രേമികളാണ് പ്രധാന ഉപഭോക്താക്കൾ.

തുച്ഛമായ വിലയ്ക്കാണ് ഭൂട്ടാനിൽ നിന്നും വാഹനങ്ങൾ വാങ്ങുന്നത്. ഇന്ത്യയിൽ മുപ്പത് ശതമാനത്തോളം തുക കൂട്ടിയിട്ടാണ് കച്ചവടം അപ്പോഴും ലക്ഷക്കണക്കിന് രൂപ വാഹനവില ഇനത്തിലും ഇറക്കുമതി തീരുവ ഇനത്തിലും സൂപ്പർ സ്റ്റാറുകൾക്കും വ്യവസായികൾക്കും ലാഭം. ലാൻഡ് ക്രൂയിസർ, ലാൻഡ് റോവർ, നിസ്സാൻ പട്രോൾ, ഡിഫൻഡർ, ടയോട്ട പ്രാഡോ തുടങ്ങി എട്ട് തരം എസ്‍യുവികളാണ് കേരളത്തിലെത്തിച്ചത്. ഈ തട്ടിപ്പിലെ അവസാന കണ്ണിയാകാം ഈ കാറുകൾ വാങ്ങിക്കൂട്ടുന്ന സൂപ്പർ സ്റ്റാറുകളും, വ്യവസായികളും. ഇങ്ങനെ സ്മഗ്ഗളിംഗ് നടത്തി എത്തിക്കുന്ന കാറുകളാണിതെന്ന അറിവ് ചിലപ്പോർ ഇവർക്ക് ഉണ്ടായെന്നിരിക്കാം. ഇടനിലക്കാർ മറച്ചുവച്ചിട്ടുമുണ്ടാകാം. ഇതിൽ എല്ലാം ഇനി വിശദ അന്വേഷണമുണ്ടാകും. അതീവ രഹസ്യമായി, ദീർഘകാലം കസ്റ്റംസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. ഇന്ന് ഒരേ സമയം സംസ്ഥാനത്തെ മൂന്ന് സോണുകളിലായി കസ്റ്റംസ് ഓപ്പറേഷന് തുടക്കം കുറിച്ചു. സ്മംഗൾഡ് കാറുകളുമായി നിരത്തിൽ വിലസിയവർ ഇനി ഉത്തരം പറയേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്