മാറാത്തത് മാറുമോ? 14 സീറ്റ് വരെ പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങളിൽ പ്രതീക്ഷയോടെ ബിജെപി

Published : May 02, 2026, 08:38 AM IST
BJP Office

Synopsis

എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നു, ചില സർവേകൾ 14 സീറ്റുകൾ വരെ പ്രവചിക്കുന്നു. ബിജെപിയുടെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാനാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളും. 20 ശതമാനം വോട്ടുവിഹിതം എന്ന ടാർഗറ്റിൽ എത്താൻ കഴിയുമെന്നും ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു.

തിരുവനന്തപുരം: എക്‌സിറ്റ് പോളുകൾ പുറത്തുവന്ന ശേഷം സംസ്ഥാനത്ത് കൂടുതൽ പ്രതീക്ഷയിൽ ആണ് ബിജെപി. 14 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് ചില എക്സിറ്റ് പോളുകൾ പറയുന്നു. കേരളത്തിൽ തൂക്കുസഭ വരുമെന്ന ചില സർവ്വെ ഫലങ്ങളിലും ബിജെപി പ്രതീക്ഷ വെക്കുന്നു. രണ്ട് സീറ്റിൽ ജയം ഉറപ്പെന്നായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ബിജെപിയുടെ വിലയിരുത്തൽ. 14 സീറ്റ് വരെ നേടുമെന്ന പ്രവചനങ്ങൾ ബിജെപി ക്യാമ്പിനെ അമ്പരപ്പിച്ചിരിക്കുകയാണ്. 20 ശതമാനം വോട്ടുവിഹിതം എന്ന ടാർഗറ്റിൽ എത്താൻ കഴിയുമെന്നും ബിജെപി നേതാക്കൾ കണക്കുകൂട്ടുന്നു. പക്ഷെ പോളുകൾ പ്രവചിക്കുന്നത് 14 ശതമാനം വരെ മാത്രമാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 ശതമാനത്തിനടുത്തേക്ക് വോട്ട് വിഹിതം ഉയർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. 

വലിയൊരു വിജയം ഒരു മുന്നണിക്കും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല എന്നതിനാൽ ബിജെപി ക്യാമ്പ് പ്രതീക്ഷയിലാണ്. അതേസമയം ക്രിസ്ത്യൻ ഔട്ട്റീച്ച് വിജയിച്ചിട്ടില്ല എന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ. അവസാന നിമിഷമെത്തിയ എഫ്സിആർഎ ഭേദഗതി വരെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. എന്നാൽ നായർ, ഈഴവ വോട്ടുകളുടെ ഒഴുക്ക് ബിജെപിയിലേക്ക് ഉണ്ടായിട്ടുണ്ടെന്ന് അവർ കരുതുന്നു. ബിജെപിയുടെ പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാനാകുമെന്നാണ് മിക്ക എക്സിറ്റ് പോൾ പ്രവചനങ്ങളും. നേമത്തും കഴക്കൂട്ടത്തും താമര വിരിയുമെന്നായിരുന്നു പോളിംഗ് തീർന്ന ഉടൻ ബിജെപി വിലയിരുത്തൽ. കൂടാതെ വട്ടിയൂർകാവ്, ചാത്തന്നൂർ, തിരുവല്ല, പാലക്കാട്, മഞ്ചേശ്വരം അടക്കമുള്ള സീറ്റുകളിൽ ശക്തമായ മത്സരമെന്നും. ഒരു സീറ്റ് കിട്ടിയാൽ പോലും വലിയ നേട്ടമായാണ് നേതൃത്വം കാണുന്നത്. എന്നാൽ വീണ്ടും അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ നേതൃത്വത്തിന് വെല്ലുവിളിയാകും.

സമുദായ കണക്ക് വെച്ചുള്ള സർവെ

എൻ ഡി എ 3 മുതൽ 11 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഇക്കുറി തൂക്കുസഭയാകുമെന്നാണ് ചാണക്യയുടെ വിലയിരുത്തൽ. നായർ വോട്ടുകളിൽ ബി ജെ പിക്കാണ് വലിയ മുന്നേറ്റം കാണിക്കുന്നത്. ബി ജെ പിക്ക് 39 ശതമാനം നായർ വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. യു ഡി എഫ് 32 ശതമാനവും എൽ ഡി എഫ് 28 ശതമാനവും വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മുസ്ലിം വോട്ടുകൾ യു ഡി എഫിലേക്ക് ഒഴുകിയെന്നും സർവെ പറയുന്നത്. 62 ശതമാനം മുസ്ലിം വോട്ടുകളും യു ഡി എഫിന്‍റെ പെട്ടിയിലാണ് വീണതെന്നാണ് പ്രവചനം. എൽ ഡി എഫിന് 33 ശതമാനവും ബി ജെ പിക്ക് 4 ശതമാനവുമാണ് ലഭിക്കുക. ഈഴവ സമുദായത്തിന്‍റെ കാര്യത്തിലാകട്ടെ എൽ ഡി എഫ് മേൽക്കൈ തുടരുമെന്നും സർവെ പറയുന്നു. 47 ശതമാനത്തോളം ഈഴവ വോട്ടുകളും എൽ ഡി എഫിനാകും ലഭിക്കുക. 20 ശതമാനം വോട്ടിലേക്ക് യു ഡി എഫ് ഒതുങ്ങുമ്പോൾ ബി ജെ പി 32 ശതമാനത്തോളം നേടുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ വിഭാഗം ഇക്കുറിയും യു ഡി എഫിന് അനുകൂലമാണ്. 53 ശതമാനം വോട്ടും യു ഡി എഫിനായിരിക്കുമെന്നാണ് പ്രവചനം. 34 ശതമാനം എൽ ഡി എഫിനും 11 ശതമാനം ബി ജെ പിക്കും ലഭിക്കും. എസ് സി വിഭാഗത്തിൽ എൽഡിഎഫിന് 49 ശതമാനവും യു ഡി എഫിന് 31 ശതമാനവും ബി ജെ പിക്ക് 18 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. മൊത്തം വോട്ട് വിഹിതത്തിന്‍റെ കാര്യത്തിൽ യു ഡി എഫ് 40 ശതമാനവും എൽ ഡി എഫ് 38 ശതമാനവും എൻ ഡി എ 20 ശതമാനവും നേടുമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അങ്കമാലിയിൽ ആന ഇടഞ്ഞ സംഭവം; പരിക്കേറ്റ പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില തൃപ്തികരം, ആനയെ ഉടമ കൊണ്ടുപോയി
ലീഗിന്റെ പേരിൽ അനാവശ്യ ഭീതി പരത്തുന്നുവെന്ന് എംകെ മുനീർ; 'മുഖ്യമന്ത്രി ആരാകണം എന്നതിൽ സാദിഖ് അലി തങ്ങൾ പേര് പറഞ്ഞിട്ടില്ല'