ആരോഗ്യമന്ത്രിക്കെതിരെ പ്രക്ഷോഭം; സ്വന്തം നേതാവ് പ്രതിയായതോടെ വെട്ടിലായി ബിജെപി

Published : Oct 08, 2023, 07:54 AM IST
ആരോഗ്യമന്ത്രിക്കെതിരെ പ്രക്ഷോഭം; സ്വന്തം നേതാവ് പ്രതിയായതോടെ വെട്ടിലായി ബിജെപി

Synopsis

ആരോപണവിധേയനെ തള്ളിപ്പറയാനും ബിജെപി - യുവമോർച്ചാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല

പത്തനംതിട്ട: അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് നിയമന തട്ടിപ്പിൽ സ്വന്തം നേതാവ് പ്രതിയായതോടെ ബിജെപി - യുവമോർച്ച നേതൃത്വം വെട്ടിലായി. നിയമന കോഴ വിവാദത്തിൽ മന്ത്രി വീണാ ജോ‍ർജ്ജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് പാർട്ടി പ്രാദേശിക നേതാവും യുവമോർച്ചാ റാന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റുമായ രാജേഷ് പ്രതിയായത്. അതേസമയം, അഖിൽ സജീവ് നടത്തിയ മറ്റ് ചില തട്ടിപ്പുകളിൽ പത്തനംതിട്ടയിലെ സിപിഐ - എഐവൈഎഫ് നേതാക്കളുടെ പങ്കും ഉടൻ പുറത്തുവരുമെന്നാണ് സൂചന.

നിയമന കോഴ വിവാദത്തിൽ മന്ത്രി രാജിവെച്ചേ തീരൂവെന്നാണ് യുവമോർച്ചയുടെ മുദ്രാവാക്യം. ഇതിനിടെയാണ്, ഇടിത്തീ പോലെ സ്വന്തം നേതാവും തട്ടിപ്പു കേസിൽ പ്രതിയായത്. സ്പൈസസ് ബോ‍ർഡിൽ ജോലി വാഗ്ദാനം ചെയ്താണ് വിവാദ നായകൻ അഖിൽ സജീവിനൊപ്പം യുവമോർച്ച നേതാവ് രാജേഷ് സിആർ പണം തട്ടിയത്. ഓമല്ലൂർ സ്വദേശിയിൽ നിന്ന് ഇരുവരും ചേർന്ന് 4,39,340 രൂപ തട്ടിയെടുത്തു. 

അഖിൽ സജീവ് സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെയാണ് യുവമോർച്ച നേതാവ് രാജേഷിനെ പരിചയപ്പെടുന്നത്. ബിജെപി ബന്ധമുള്ള ആളെ ഒപ്പം കൂട്ടിയാൽ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പേരിലും പണം തട്ടാമെന്ന് കണ്ടാണ് ഒന്നിച്ചു നീങ്ങിയത്. ഇരുവരും ബിസിനസ് പങ്കാളികളും ആയിരുന്നു. സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ പ്രതിയായ രാജേഷിനെ ഇക്കഴിഞ്ഞ പുനസംഘടനയിലാണ് യുവമോർച്ച നേതൃത്വം റാന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റാക്കിയത്. 

ആരോപണവിധേയനെ തള്ളിപ്പറയാനും ബിജെപി - യുവമോർച്ചാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. നിയമന കോഴ വിവാദത്തിന് പുറമെ, സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളുടെ ചുരുളഴിക്കാൻ എന്ന പേരിലാണ് അഖിൽ സജീവിനെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ അഖിൽ സജീവ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പേരുകൾ പൊലീസിനോട് പറ‍ഞ്ഞതായാണ് സൂചന. ഒളിവിൽ കഴിയുമ്പോൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട അഖിൽ സജീവ് പല കാര്യങ്ങളും തനിക്ക് തുറന്നുപറയാനുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അറസ്റ്റിലായ ദിവസം മുതൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ പൊലീസ് കവചത്തിൽ മൗനത്തിലാണ് അഖിൽ സജീവ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്
വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്