
തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുത്ത് വാടാനപ്പള്ളി പൊലീസ്. ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 72542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ പി ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് കേസ്. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. ഓർഡർ ചെയ്ത ആൾക്കെതിരെയും കേസെടുത്തേക്കും.
കലാശക്കൊട്ടിന് മണിക്കൂറുകൾ ശേഷിക്കേ കിറ്റ് വിവാദത്തിൽ കൊമ്പുകോർക്കുകയാണ് മുന്നണികൾ. ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം. അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പൊലീസ് കേസെടുക്കാതെ ഇരുന്നത്. സ്ഥലത്തുണ്ടായ സംഘർഷത്തിലാണ് പൊലീസ് നിലവില്‍ കേസെടുത്തത്. തുടർച്ചയായ രണ്ടാം ദിവസവും കിറ്റ് വിവാദം ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാത പരമായി പെരുമാറുന്നു എന്ന് ഇടതുമുന്നണി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam