
കോട്ടയം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടു തന്നെ ബിജെപി കേരളത്തില്‍ എന്‍പിആര്‍ നടപ്പിലാക്കിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബിജെപി നേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സംസാരിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന പിണറായി വിജയന്‍റെ നിലപാടിനോട് രൂക്ഷമായ ഭാഷയിലാണ് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.
പിണറായിയെ കൊണ്ട് തന്നെഎൻപിആര്‍ ബിജെപി നടപ്പാക്കും. ഇല്ലെങ്കിൽ റേഷൻ കിട്ടില്ല. പിണറായിയേയും ചെന്നിത്തലയേയും ഡിറ്റൻഷൻ സെൻറുകളിലാക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ലീഗ് നേതാക്കൾ മതഭീകരവാദികളെ കയറൂരി വിടുകയാണ്. കേരളത്തിൽ കാര്യങ്ങൾ കൈവിട്ട് പോയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പിണറായി വിജയൻ ഗൂഢാലോചന നടത്തി. വാഹനം നിർത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും. സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടത്. പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ സിനിമാക്കാർക്ക് നേതൃത്വം നൽകിയത് കമൽ എന്ന വർഗീയവാദിയാണ്. ചലചിത്ര അക്കാദമി പ്രവർത്തിക്കുന്നത് മോദി കൊടുക്കുന്ന പണം കൊണ്ടാണ് എന്ന് ഓര്‍ക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam