തോമസ് ഐസക്കിന്‍റെ മോദി ശത്രുത പിണറായിയെ കടത്തി വെട്ടാനുള്ള ഉള്‍പാര്‍ട്ടി മത്സരം: ബി ഗോപാലകൃഷ്ണന്‍

By Web TeamFirst Published Apr 3, 2020, 7:32 PM IST
Highlights

മുഖ്യമന്ത്രിയെ തോൽപ്പിക്കാൻ കേന്ദ്രത്തെ കുറ്റം പറഞ്ഞതുകൊണ്ടൊ കൊറോണയെ തോൽപ്പിക്കാൻ മൂന്ന് ലിറ്റർ മദ്യം വീട്ടിലെത്തിക്കാൻ ഉടായിപ്പ് വഴി തേടിയിട്ടോ കാര്യമില്ലെന്ന് തോമസ് ഐസക്കിനോട് ഗോപാലകൃഷ്ണന്‍.

കോട്ടയം: ധനമന്ത്രി തോമസ് ഐസക്കിൻറെ കേന്ദ്ര വിരുദ്ധ പ്രസ്താവന നിരാശ മറയ്ക്കാനും പിണറായി  വിജയന്‍റെ അവഗണനയെ അതിജീവിക്കാനും വേണ്ടി മാത്രമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍.  പിണറായിയെ കടത്തിവെട്ടാനുള്ള ഉൾപാർട്ടി മൽസരമാണ് ഐസക്കിന്‍റെ മോദി ശത്രുതയുടെ പിന്നിൽ. കൊറോണയെ നേരിടാൻ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്യതപ്പോൾ കേന്ദ്രം ഒന്നും ചെയ്യുന്നില്ലന്ന് പറയുന്നത് ധനമന്ത്രി ഐസക്കാണെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

28 രൂപ സബ്സീഡിയായി റേഷൻ  നൽകുന്നത് പോലും കേന്ദ്ര സർക്കാരാണ്. കേന്ദ്ര പാക്കേജ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിക്കുമ്പോൾ കേരള ധനമന്ത്രി നിരാശ പൂണ്ട് നിഴലിനോട് യുദ്ധം ചെയ്യുകയാണ് ചെയ്യുന്നത്. കള്ളും ലോട്ടറിയും വിറ്റും ,കടം വാങ്ങിയും ധനമന്തി നടത്തുന്ന വാചക കസർത്തല്ലാതെ സാമ്പത്തിക പരിഷ്കാരങ്ങൾ ഒന്നും കേരളത്തിൽ നടക്കുന്നില്ല. ഇപ്പോൾ കള്ള് വിൽക്കാൻ പറ്റാത്തതിന്‍റെ നിരാശയും ധനമന്ത്രിക്കുണ്ടെന്ന് ബിജെപി നേതാവ് പരിഹസിച്ചു.

കൊറോണയെ നേരിടാൻ 20000 കോടി പിണറായിയെ കൊണ്ട് പ്രഖ്യാപിച്ച് പത്ത് ദിവസം കഴിഞ്ഞില്ലെ?  എത്ര രൂപ ചെലവഴിച്ചു എന്ന് ധനമന്ത്രിക്ക് പറയാൻ കഴിയുമൊ? പ്രളയത്തിന്‍റെ പേരില്‍ സ്വരൂപിച്ച തുകയിൽ ഏതാണ്ട് 5750 കോടി ബാക്കി ചെലവാക്കാതെ കിടക്കുന്നില്ലെ? ദുരന്തനിവാരണ ഫണ്ടായി ഫെബ്രുവരിയിൽ കേന്ദ്രം നൽകിയ 275 കോടി രൂപയുടെ ചെലവ് എന്തായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. 

കേരളത്തിന് വേണ്ടി കേന്ദ്രവും ലോക ബാങ്കും കൊടുത്ത കോടികളുടെ സഹായം ശമ്പളം കൊടുക്കാൻ പോലും വകമാറ്റി  ചെലവാക്കിയ തോമസ് ഐസക് കൊറോണയുടെ പേരിൽ കേന്ദത്തിന്‍റെ കയ്യിൽ നിന്നും കോടികൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രഖ്യാപനം നടത്തിയത്.  എന്നാല്‍ ഒന്നും നടക്കാതെ വന്നപ്പോൾ പിണറായി ധനമന്ത്രിയെ അവഗണിച്ചു.  

ഇന്ത്യയിലെ ഒരു ധനമന്ത്രിയും കഴമ്പില്ലാതെ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നില്ല. ബിജെപി ഇതരമന്ത്രിസഭകൾ എല്ലാം തന്നെ കൊറോണ ദുരിതാശ്വാസ നടപടികൾ ജനങ്ങളുടെ അക്കൗണ്ടിൽ പണം നൽകി നടപ്പാക്കുമ്പോൾ സാലറി ചലഞ്ച് പ്രഖ്യാപിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് ധനമന്ത്രി ശ്രമിക്കുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കുന്നതല്ലെ കേരളത്തിനും അവകാശമുള്ളത്. 

ധനമന്ത്രി വീമ്പ് പറച്ചിലും അഹങ്കാരവും വെടിഞ്ഞ് യാഥാർത്ഥ്യം മുഖ്യമന്ത്രിയിലൂടെ കേന്ദ്ര സർക്കാരിനെ അറിയിച്ചാൽ കൂടുതൽ ഗുണമുണ്ടാകും. മുഖ്യമന്ത്രിയെ തോൽപ്പിക്കാൻ കേന്ദ്രത്തെ കുറ്റം പറഞ്ഞതുകൊണ്ടൊ കൊറോണയെ തോൽപ്പിക്കാൻ മൂന്ന് ലിറ്റർ മദ്യം വീട്ടിലെത്തിക്കാൻ ഉടായിപ്പ് വഴി തേടിയിട്ടോ കാര്യമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
 

click me!