
തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള കോടിയേരിയുടെ ശ്രമം നീചമെന്ന് എം.ടി രമേശ്. രക്തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ലാദമാണ് സിപിഎം നേതാക്കൻമാരുടെ മുഖത്തുള്ളത്. അഞ്ച് പ്രതികളിൽ മൂന്ന് പേരും സിപിഎമ്മിന്റെ സഹയാത്രികരാണ്. ഒന്നാം പ്രതി ജിഷ്ണുവിനെ യുവമോർച്ച പ്രസിഡണ്ട് സ്ഥാനത്ത് നീക്കിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പാണ് ഇയാളെ യുവമോർച്ചയിൽ നിന്ന് നീക്കിയത്.
ലഹരിക്കച്ചവടവുമായി ബന്ധമുള്ള ഗുണ്ടാ സംഘമാണ് കൊല നടത്തിയത്. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും എം ടി രമേശ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ആർഎസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങൾ മുഖ്യമന്ത്രിക്ക് കിട്ടിയതു കൊണ്ടാണെന്നും എം ടി രമേശ് പറയുന്നു. എന്നാൽ കോടിയേരി ഈ നിലപാടിനെ വെല്ലുവിളിക്കുകയാണ്. സിപിഎം പൊലീസിനെ സമ്മർദ്ദത്തിലാക്കുകയാണ്. തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ ഡിവൈഎഫ്ഐ നേതാക്കൾ പീഡിപ്പിച്ച സംഭവം വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും എം ടി രമേശ് ആരോപിച്ചു.
ജിഷ്ണു നിലവിൽ ബിജെപി അംഗമാണോ എന്ന് തനിക്കറിയില്ല. കോടിയേരിയുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് പൊലീസ് നിലപാട് മാറിയതന്നും എം ടി രമേശ് പറഞ്ഞു.കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് പ്രസിദ്ധീകരിക്കുമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നുവെന്നും ഈ അധ്യാപകരുടെ പട്ടിക ഉടന്‍ പുറത്തുവിടണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചിൽ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂറിൽ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam