Latest Videos

തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെ, മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്: പദ്മജ

By Web TeamFirst Published May 5, 2024, 11:09 AM IST
Highlights

തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, 

തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പദ്മജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പദ്മജയുടെ പ്രതികരണം. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പദ്മജ പറഞ്ഞു. 

ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ്‌ വിട്ടതെന്നും പദ്മജ കൂട്ടിച്ചേർത്തു. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്. ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല.എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും എന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും പദ്മജ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പദ്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന  തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരന്‍റെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ  പത്മജ രംഗത്തെത്തിയത്. തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസന്‍റ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.

''ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു, കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളായ ടിഎൻ  പ്രതാപൻ, എംപി വിൻസെന്റ് തുടങ്ങിയവർ. കാരണം ഇവർ സയാമീസ് ഇരട്ടകൾ ആണ്. ഇത്തരം ചതിയന്മാർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്താലോ? ആ പരാതി എന്തെന്ന് പോലും വായിക്കാതെ ചവിറ്റ് കൊട്ടയിൽ എറിയും. രമേശ് ചെന്നിത്തലയുടെ നോമിനി ആയി ഡൽഹിയിൽ പോയ, രമേശ് ചെന്നിത്തലയെ ചതിച്ച് കേരള മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന കേരളത്തിൽ നിന്നുള്ള അഖിലേന്ത്യ കോൺഗ്രസ്‌ ഗ്രൂപ്പ് നേതാവിന്‍റെ(എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും, എന്‍റെ അച്ഛനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആയ ആൾ) പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കും. അതാണ് കോൺഗ്രസ്''-പത്മജ ഫേസ്ബുക്കിൽ തുറന്നടിച്ചു.
'ബേഡകം എസ്ഐയുടെ ആത്മഹത്യക്ക് കാരണം സിപിഎം നേതാക്കളുടെയും ഉദ്യോ​ഗസ്ഥരുടെയും സമ്മർദ്ദം': രാജ്മോഹൻ ഉണ്ണിത്താൻ

https://www.youtube.com/watch?v=Ko18SgceYX8

click me!