'ഹിമാചലിൽ സിപിഎമ്മിന് 0.01 % വോട്ട്, ഗുജറാത്തിൽ 0.03 %', പിണറായി പ്രചാരണത്തിന് പോകാതിരുന്നത് എന്തുകൊണ്ട് ?'

By Web TeamFirst Published Dec 9, 2022, 11:15 AM IST
Highlights

കേരളത്തിലെ മന്ത്രിമാർ ആരെങ്കിലും ഇവിടങ്ങളിൽ പ്രചാരണത്തിന് പോയിരുന്നോ .പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല . മൈസൂർ ദസറക്ക് കുടുങ്ങിയ ശ്വാനന്‍റെ  അവസ്ഥ പേടിച്ചിട്ടാകും പോകാതിരുന്നതെന്നും സന്ദീപ് വാര്യരുടെ പരിഹാസം

തിരുവനന്തപുരം: ഗുജറാത്തിലേയും ഹിമാചല്‍പ്രദേശിലേയും തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്‍റെ ദയനീയ പ്രകടനത്തെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാനവക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. ഹിമാചലിൽ സിപിഎം മത്സരിച്ച പതിനൊന്ന് സീറ്റിലും കൂടി 0.01 ശതമാനം വോട്ടാണ് നേടിയത് . സിറ്റിംഗ് സീറ്റിൽ നാലാമതായി ഗുജറാത്തിൽ 9 സീറ്റിൽ മത്സരിച്ച് 0.03 ശതമാനം വോട്ടാണ് സിപിഎമ്മിന് കിട്ടിയത്. ഗുജറാത്തിലെ ഭാവ്‌ നഗർ വെസ്റ്റ് സീറ്റിൽ സിപിഎം സ്ഥാനാർഥി 251 വോട്ട് മാത്രം നേടി പതിനൊന്നാം സ്ഥാനത്താണ്- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ കിട്ടുന്ന വോട്ട് പോലുമില്ലെന്ന് ഓർക്കണം. നിശ്ചയമായും ഈ സ്ഥലങ്ങളിൽ മലയാളി വോട്ടർമാർ മാത്രം ആയിരങ്ങളുണ്ടാവും . അവർ പോലും സിപിഎമ്മിന് വോട്ട് ചെയ്തില്ല . അതെന്തു കൊണ്ടാവും ? നാട് മുടിപ്പിച്ച വൈറസ് ജോലി ചെയ്യുന്ന സ്ഥലത്ത് പടരരുത്‌ എന്ന മനോഭാവമായിരിക്കില്ലേ അതിന് പിറകിൽ ? ഹിമാചലിലോ ഗുജറാത്തിലോ സിപിഎമ്മിന്‍റെ നിലവിലെ ഏറ്റവും പ്രധാന നേതാവ് , ഏക മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം നടത്താതിരുന്നത് എന്ത് കൊണ്ടാണ് ? കേരളത്തിലെ മന്ത്രിമാർ ആരെങ്കിലും ഇവിടങ്ങളിൽ പ്രചാരണത്തിന് പോയിരുന്നോ?. ഡിവൈഎഫ്ഐയുടെ യുവതുർക്കികൾ ആരെങ്കിലും? അല്ല പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല- സന്ദീപ് പറയുന്നു.

മൈസൂർ ദസറക്ക് കുടുങ്ങിയ ശ്വാനന്റെ അവസ്ഥ പേടിച്ചിട്ടാകും ആരും പോകാതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഗുജറാത്ത് ഫലം വികസനോന്മുഖ രാഷ്ട്രീയത്തിന് ജനങ്ങളുടെ അംഗീകാരമാണ് . ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്യപൂർവ ഭരണ തുടർച്ചയാണ് ഗുജറാത്തിൽ സംഭവിക്കുന്നത് .അമ്പത്തിരണ്ട് ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത് .ഹിമാചൽ ഫലം 1985 മുതലുള്ള വോട്ടിംഗ് പാറ്റേർണിന്റെ തുടർച്ച മാത്രമാണ് . ഇത്തവണ ആദ്യമായി ഭരണ തുടർച്ചയുണ്ടാക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും സംഭവിച്ചില്ല . ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിക്ക് പകരം വെക്കാനൊരാളില്ല എന്നൊരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

click me!