
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. കേരളത്തിലെ ചില മുതലാളിമാരുടെ ഇടപാട് പുറത്തുകൊണ്ടുവരാന്‍ ദില്ലിയില്‍ പോകുമെന്നും ശോഭ അറിയിച്ചു. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.
മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശോഭ ആരോപണമുന്നയിച്ചു. ഇപി ജയരാജന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും ശോഭ കുറ്റപ്പെടുത്തി. ശോഭ കേരളത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി. വീണ വിജയന്‍റെ കൂട്ടുകാരിയാണ് കണ്ണൂരിലെ ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. കരുവന്നൂരില്‍ ഒന്നും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളൂ.
ഏത് സൊസൈറ്റിയിൽ നിന്നായിരുന്നു തിരൂർ സതീഷ് ലോൺ എടുത്തിട്ടുണ്ടായിരുന്നത്? ബിജെപിയിൽ നിന്ന് പുറത്തായതിനുശേഷം ലോണിൽ എത്ര ലക്ഷം രൂപ സതീശൻ അടച്ചു? കപ്പലണ്ടി കച്ചവടക്കാരിൽ നിന്ന് തൃശൂരിലെ കണ്ണനായി മാറിയ ഒരാൾക്കെതിരെ ഞാൻ ഡൽഹിയിൽ പോയതാണ്. സതീഷിന് പിന്നിൽ ഞാൻ ആണെന്ന് കണ്ടെത്തിയത് എന്ത് മാധ്യമ ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. ശോഭ സുരേന്ദ്രൻ കേരളത്തിൽഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് മൂന്ന് പേരാണ്. പിണറായി വിജയൻ, ഗോകുലം ഗോപാലൻ ഇ പി ജയരാജൻ എന്നിവർ.
ശോഭാ സുരേന്ദ്രനെതിരെ റിഥം സൃഷ്ടിക്കാൻ ശ്രമം നടക്കുകയാണ്. രേഖ ഇല്ലാതെയാണ് ഇത്ര വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷ് എന്തിനാണ് തെക്കുങ്കര പഞ്ചായത്തിലെ മുൻമന്ത്രിയെ പോയി കണ്ടത് എന്ന് പറയുന്നില്ല. സതീഷിന്റെ വാട്സ്ആപ്പ് ഫോൺകോളുകളും എടുപ്പിക്കാൻ കേരള പോലീസിന് മാത്രമല്ല കഴിവുള്ളതെന്നും ശോഭ പറഞ്ഞു. ദിവ്യ പുറത്തിറങ്ങുന്നത് ഒരു പ്രത്യേക മാധ്യമത്തിന് മാത്രമാണ് കിട്ടുന്നതെങ്കിൽ ആരുടെ കസ്റ്റഡിയിൽ ആയിരുന്നു അവർ എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ചോദ്യം.
സതീഷിന് പിന്നിൽ കപ്പലണ്ടി കണ്ണൻ ഉണ്ടാവാം. വിളപ്പായ സതീശൻ ഉണ്ടാകാം, ബിജെപിയെ ഒറ്റിയ ആളാണ് തിരൂർ സതീഷ്. പാർട്ടിയെ ഒറ്റിക്കൊടുക്കാൻ തീരുമാനമെടുത്ത സതീഷ് ആ ചാക്കിൽ നിന്ന് പണം എടുക്കാതിരിക്കുമോ? ആ ചാക്കുമില്ല പണവുമില്ല. മഞ്ഞൾ കൃഷി ചെയ്താണ് താന്‍ വരുമാനം കണ്ടെത്തിയതെന്നും ശോഭ പറഞ്ഞു. ഒരു അരമണിക്കൂർ പോലും സതീഷ് തന്റെ കൂടെ ജോലി ചെയ്തിട്ടില്ല. തന്റെ വീടിന്റെ മേൽനോട്ടം സതീഷ് അല്ല നടത്തുന്നത്. അമേരിക്കയിൽ ഇരുന്ന് മകനാണ് നടത്തുന്നതെന്നും മകന്‍റെ അധ്വാനം കൊണ്ടാണ് വീട് പണിയുന്നതെന്നും ശോഭ വിശദീകരിച്ചു. ഒന്നും ഒളിച്ചു വെക്കാനില്ല, താൻ ഒരു തുറന്ന പുസ്തകമാണ്. പിണറായി വിജയൻ ഗോകുലം ഗോപാലനെ ഇറക്കിയാലും മാധ്യമ മുതലാളിയെ ഇറക്കിയാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും ശോഭ പ്രതികരിച്ചു. സതീഷന് ലോണടയ്ക്കാൻ ലക്ഷങ്ങൾ കൊടുത്തത് ആരാണെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.
കേരളത്തിലെ ചില മുതലാളിമാരുടെ ഇടപാട് പുറത്ത് കൊണ്ട് വരാൻ ദില്ലിയിൽ പോയി ഇഡിയോട് പറയും. കേരള രാഷ്ട്രീയത്തിൽ സുരേഷ് ഗോപി വിജയിച്ച് വരാതിരിക്കാൻ എന്തെല്ലാമാണ് ചെയ്തിട്ടുള്ളത്? തൃശൂരിലെ ജനങ്ങൾ സുരേഷ് ഗോപിയെ നെഞ്ചോട് ചേർത്തപ്പോൾ കോൺഗ്രസുകാരനും മാർക്സിസ്റ്റുകാരനും സഹിക്കുന്നില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam