
പാലക്കാട്: സംസ്ഥാന ബിജെപി നേതൃത്വത്തെ ട്രോളുകളില്‍ നിറച്ച് അക്ഷരത്തെറ്റ്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പാലക്കാട് നഗരത്തിൽ നടന്ന സമ്പർക്ക യജ്ഞത്തിലെ ബാനറില്‍ ഇന്ത്യ എന്നെഴുതിയതിലാണ് തെറ്റ് പറ്റിയത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താൻ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വ്യാജപ്രചാരണങ്ങൾ തിരിച്ചറിയുക.. പൗരത്വ ഭേദഗതി നിയമം.. അനുകൂല സമ്പർക്ക യജ്ഞം എന്ന ബാനറില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോഴാണ് അക്ഷരപ്പിശക് സംഭവിച്ചത്. INDIA എന്നതിന് പകരം INIDA എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. നളിൻകുമാർ കട്ടീൽ എം പി, സി കെ പത്മനാഭൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് രാജ്യത്തിന്റെ പേരുപോലും തെറ്റിച്ചെഴുതിയിരിക്കുന്നത്.
സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ട്രോളുകളുടെ പെരുമഴയായി. ആദ്യം ഇന്ത്യ എന്ന് എഴുതാൻ പഠിക്കൂവെന്ന പരിഹാസമാണ് ചിത്രത്തിന് പ്രതികരണമായി ലഭിക്കുന്നത്. ബിജെപി ഷൊർണൂർ മണ്ഡലം പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നേരത്തെ കിരണ്‍ റിജിജുവിന്റെ കേരളത്തിലെ ഗൃഹസമ്പർക്ക പരിപാടിയുടെ തുടക്കം പാളിയിരുന്നു. ഇതും സമൂഹമാധ്യമങ്ങള്‍ ട്രോളായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam