മോദിക്കും അമിത് ഷായ്ക്കും നന്ദിയറിയിച്ച് സുകുമാരൻ നായർ, എൻഎസ്എസിനെ ഒപ്പം നിർത്താൻ ബിജെപി നീക്കം

By Web TeamFirst Published Jan 19, 2021, 12:32 PM IST
Highlights

മന്നം ജയന്തി ദിനം ആശംസകൾ അർപ്പിച്ചുള്ള പ്രധാനമന്ത്രിയുടെയും അമിത് ഷാ യുടെയും ട്വീറ്റിന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം നന്ദി അറിയിച്ച് കത്തയച്ചിരുന്നു.

തിരുവനന്തപുരം:  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ എൻഎസ്എസിനെ ഒപ്പം നിർത്തി കളം പിടിക്കാൻ ബിജെപി നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത കേരള സന്ദർശനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ചക്ക് വഴി ഒരുക്കാൻ ബിജെപി നീക്കം ആരംഭിച്ചു.

മന്നം ജയന്തി ദിനം ആശംസകൾ അർപ്പിച്ചുള്ള പ്രധാനമന്ത്രിയുടെയും അമിത് ഷാ യുടെയും ട്വീറ്റിന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം നന്ദി അറിയിച്ച് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ എൻഎസ്എസിന്റെ മുഖമാസികയായ സർവീസിന്റെ പുതിയ ലക്കത്തിലും ഇക്കാര്യം പരാമർശിക്കുന്നത്. സംസ്ഥാനത്ത് മാത്രമല്ലേ ദേശീയതലത്തിൽ വരെ മന്നം ജയന്തിയുടെ പ്രാധാന്യം മനസിലാക്കുന്നതിന് പ്രധാമന്ത്രിയുടെയും അമിത് ഷായുടേയും ട്വീറ്റുകൾക്ക് സാധിച്ചെന്നാണ് മോദിക്കും അമിത് ഷാക്കും നന്ദിയറിയിച്ചുള്ള ലേഖനത്തിൽ വ്യക്തമാക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിനെ കൂടി ഒപ്പം നിർത്താൻ സാധിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പുതിയ പശ്ചാത്തത്തിൽ കാര്യങ്ങൾ എളുപ്പമായേക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 
ആലപ്പുഴയിലെ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കാനാണ് നീക്കം. എന്നാൽ ഇത് വാർത്തയായതോടെ നന്ദി അറിയിച്ചതിലും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയറിയിച്ചതിൽ രാഷ്ട്രീയം കാണേണ്ട എന്നാണ് എൻഎസ്എസ് പ്രതികരണം. 

click me!