'കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് ഉദുമ എംഎല്‍എയുടെ ഭീഷണി'; പരാതിയില്‍ കളക്ടറുടെ അന്വേഷണം ഇഴയുന്നു

By Web TeamFirst Published Jan 19, 2021, 12:16 PM IST
Highlights

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും കളക്ർ പ്രാഥമിക റിപ്പോർട്ട് പോലും നൽകിയിട്ടില്ല.
 

കാസര്‍കോട്: കള്ളവോട്ട് തടയാൻ ശ്രമിച്ചതിന്‍റെ പേരിൽ ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ  കാസർകോട് കളക്ടറുടെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും കളക്ർ പ്രാഥമിക റിപ്പോർട്ട് പോലും നൽകിയിട്ടില്ല.

വോട്ടെടുപ്പ് നടന്ന ഡിസംബർ പതിനാലിന് ആലക്കോട് ചെർക്കളപ്പാറ ജിഎൽപി സ്കൂളിൽ വ്യാപക കള്ളവോട്ട് നടന്നെന്ന് പ്രിസൈംഡിംഗ് ഓഫീസറായ കെ എം ശ്രീകുമാർ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. കള്ളവോട്ട് തടയാനായി വോട്ടർമാരുടെ ഐഡി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ കാൽവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബൂത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. 

ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായതോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.  ജില്ലയിലെ മുഖ്യവരണാധികാരിയായ കളക്ടറോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടി പത്ത് ദിവസം കഴിഞ്ഞിട്ടും ഇതുവരെ നൽകിയിട്ടില്ല. പരാതിക്കാരാനായ പ്രിസൈഡിംഗ് ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല.  ദൃശ്യങ്ങൾ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കും കളക്ടർ കടന്നിട്ടില്ലെന്നാണ് വിവരം. 

സമയപരിധി പറ‌ഞ്ഞിട്ടില്ലെന്നാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കിന് കളക്ർ ഡി സജിത്ബാബു നൽകുന്ന വിശദീകരണം. കളക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ തുടർ നടപടികളിലേക്ക് നീങ്ങാനാകുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും അറിയിച്ചു. സിപിഎമ്മിന്‍റെ കയ്യാളായാണ് കളക്ടർ ഡി സജിത് ബാബു പ്രവർത്തിക്കുന്നത് എന്നാരോപിച്ച് ജില്ലയിലെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് കളക്ടറെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെര‌ഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. 

സിപിഎം അനുകൂല സംഘടനയുടെ പ്രവർത്തകനായ പ്രിസൈംഡിഗ് ഓഫീസറുടെ പരാതി പൂർണമായും തള്ളി എംഎൽഎക്ക് പിന്തുണയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിൽ അന്വേഷണത്തിലെ കളക്ടറുടെ മെല്ലെപ്പോക്ക് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

click me!