കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി ആറ്റുനോറ്റിരുന്നിട്ടില്ലെന്ന് കെ സുധാകരൻ

By Web TeamFirst Published Jan 19, 2021, 12:32 PM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരൻ

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി താൻ ആറ്റുനോറ്റിരുന്നിട്ടില്ലെന്ന് കണ്ണൂർ എംപി കെ സുധാകരൻ. താത്കാലിക അധ്യക്ഷനാകാൻ ഒരു ധാരണയും ഉണ്ടായിട്ടില്ല. പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിലെ അംഗമാണ് താൻ. കേരളത്തിലുടനീളം പ്രചാരണം നടത്തും. ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പിന്റെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. തന്നെ ദില്ലിക്ക് വിളിപ്പിച്ചെങ്കിലും പോയിരുന്നില്ല. ആർക്കും മുന്നിൽ കൈ നീട്ടിയിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം ഗ്രൂപ്പുണ്ടാക്കിയെന്ന വാദം തെറ്റാണ്. മുല്ലപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോൺഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരൻ. ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെസി വേണുഗോപാൽ, താരിഖ് അൻവർ, കെ മുരളീധരൻ, ശശി തരൂർ, വിഎം സുധീരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ദില്ലിയിൽ ചേർന്ന കോൺഗ്രസിന്റെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 60 സീറ്റിൽ ജയിക്കണമെന്നാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കളും മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നില്ല. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നോട്ടുവെച്ചാകില്ല കോൺഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുല്ലപ്പള്ളിക്ക് കോഴിക്കോടോ വയനാടോ ഒരു സീറ്റിൽ മത്സരിക്കാനാണ് താത്പര്യം. ഇതിൽ തന്നെ വയനാട് ജില്ലയിലെ കൽപ്പറ്റ സീറ്റിൽ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് കൂടുതൽ താത്പര്യം. എന്നാൽ മുസ്ലിം ലീഗും കൽപ്പറ്റ സീറ്റിൽ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. സീറ്റിന് വേണ്ടി മുന്നണി യോഗത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് വയനാട് ജില്ലാ കമ്മിറ്റി നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വാദവുമായി വയനാട്ടിലെ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യഹിയാ ഖാൻ രംഗത്ത് വന്നു.

click me!