ഇ ശ്രീധരന്റെ കെ-റെയിൽ ബദലിന് പൂർണ പിന്തുണ വാഗ്‌ദാനം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

Published : Jul 12, 2023, 06:19 PM ISTUpdated : Jul 12, 2023, 06:45 PM IST
ഇ ശ്രീധരന്റെ കെ-റെയിൽ ബദലിന് പൂർണ പിന്തുണ വാഗ്‌ദാനം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

Synopsis

പദ്ധതിക്ക് മേൽനോട്ടം വഹിക്കാൻ നിലവിലെ പ്രായം അനുവദിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ മാർഗ നിർദേശങ്ങൾ നൽകാൻ തയ്യാറാണെന്ന് ശ്രീധരൻ

പാലക്കാട്: ഇ ശ്രീധരൻ നിർദ്ദേശിച്ച കെ-റെയിൽ ബദലിന് ബിജെപി എല്ലാ പിന്തുണയും നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിനു വേണ്ടിയാണ് സംസ്ഥാന സർക്കാരും പരിശ്രമിക്കേണ്ടത്. നടപ്പിലാക്കാൻ കഴിയാത്ത കെ റെയിലിന് വേണ്ടി വാശി പിടിക്കരുത്, നടപ്പിലാക്കാൻ കഴിയുന്ന വികസനമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സര്‍ക്കാര്‍ മെട്രോമാനെ സമീപിച്ച് പുതിയ പദ്ധതി വേണമെന്ന ആവശ്യം ഉന്നയിച്ചതെന്നും സുരേന്ദ്രന്‍ ഇന്ന് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

താൻ സമർപ്പിച്ച റിപ്പോർട്ട് 2016 ൽ സമർപ്പിച്ചതല്ലെന്ന് ഇ ശ്രീധരനും വ്യക്തമാക്കി. പദ്ധതിക്ക് മേൽനോട്ടം വഹിക്കാൻ നിലവിലെ പ്രായം അനുവദിക്കുമെന്ന് തോന്നുന്നില്ല. എന്നാൽ മാർഗ നിർദേശങ്ങൾ നൽകാൻ തയ്യാറാണ്. കേരളത്തിൽ എന്തു വികസനം വരുകയാണെങ്കിലും അതിനൊപ്പം താനുണ്ടാകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഇ ശ്രീധരനെ പാലക്കാട്ടെ വീട്ടിലെത്തി ഇന്ന് കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Read More: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിന് ചെലവാക്കിയ തുകയെത്ര?! കണക്ക് പുറത്തുവിട്ട് റെയിൽവേ

കേന്ദ്ര സർക്കാർ ചുവപ്പ് സിഗ്നൽ കാണിച്ചതോടെ വിസ്മൃതിയിലായ കെ-റെയിൽ പദ്ധതി പുതുക്കിയ പാളത്തിലൂടെ ഓടിക്കാനായിരുന്നു സംസ്ഥാന സർക്കാറിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ കെവി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ-റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ട്. ഡിപിആർ തന്നെ മാറ്റണം, തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ടെന്നും മെട്രോമാൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും റിപ്പോർട്ടിലുണ്ട്.

Read More: ​​​​​​​'കെ റെയിൽ മാറ്റങ്ങളോടെ നടപ്പിലാക്കാം, സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകും'; നിലപാട് മാറ്റി ഇ ശ്രീധരൻ

ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രൊഫ കെവി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവെ മന്ത്രിയും പറഞ്ഞിരുന്നു. കെ റെയിൽ എന്തായാലും വരുമെന്ന് എല്ലായ്പ്പോഴും ആവർത്തിക്കുന്ന സംസ്ഥാന സർക്കാർ മെട്രോമാൻറെ ശുപാർശ പ്രകാരം പദ്ധതിരേഖ പൊളിച്ചു പണിയുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇ ശ്രീധരൻറെ കേന്ദ്രത്തിലെ സ്വാധീനം അടക്കം ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും