
കൊച്ചി : പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി.
അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ചായയുണ്ടെന്ന് ആരോപിച്ച പ്രവർത്തകർ നിർമ്മാണം തടഞ്ഞു. ഈ രൂപത്തിൽ പാപ്പാഞ്ഞിയെ പുതുവത്സരാഘോഷത്തിന് കത്തിക്കാനാവില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു.
പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് നടന്ന ചർച്ചയിലാണ് ആർക്കും പരാതിയില്ലാത്ത രൂപത്തിൽ പാപ്പാഞ്ഞി ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയത്. കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ ഏജൻസിയാണ് ഇത്തവണ പാപ്പാഞ്ഞിയെ ഒരുക്കുന്നത്. നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കൊവിഡ് മഹാമാരിയെ കീഴടക്കിയ പാപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam