രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്; 'ദ്രൗപതി മുർമുവിനെ പിന്തുണക്കണം', പിണറായിക്കും പ്രതിപക്ഷത്തിനും BJP യുടെ കത്ത്

Published : Jun 24, 2022, 03:50 PM IST
രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ്; 'ദ്രൗപതി മുർമുവിനെ പിന്തുണക്കണം', പിണറായിക്കും പ്രതിപക്ഷത്തിനും BJP യുടെ കത്ത്

Synopsis

ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ രാഷ്ട്രപതി പദവിയിൽ വിജയത്തിലേക്ക് നയിക്കും. രാഷ്ട്രീയത്തിന് അതീതമായി മുർമു  തെരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം; രാഷ്‌ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുർമുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നൽകി.തന്‍റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ  ഇടതുപക്ഷവും പ്രതിപക്ഷവും തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിക്ക് കെ സുരേന്ദ്രന്‍ നല്‍കിയ കത്തിന്‍റെ പൂര്‍ണ്ണരൂപം 

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവ് ശ്രീമതി ദ്രൗപതി മുർമു മത്സരിക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രത്തിൽ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്നതാണ് പ്രത്യേകത. 'ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി' എന്നാണ് ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
 
ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവായ ദ്രൗപതി മുർമു  കൗൺസിലറായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റെയ്റാങ്പുർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013ൽ ഒഡീഷയിലെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.  2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു.  2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). 2015ൽ  ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ. 

ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ രാഷ്ട്രപതി പദവിയിൽ വിജയത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അതീതമായി മുർമു ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമായി മാറി കഴിഞ്ഞു. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ താങ്കളും ഇടതുപക്ഷവും തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു

നാമനിര്‍ദ്ദേശ പത്രിക നല്‍കി എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു; എത്തിയത് മോദിക്കൊപ്പം

 

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്. സഖ്യകക്ഷി നേതാക്കൾക്കൊപ്പം ബിജു ജനതാദള്‍, വൈഎസ്ആര്‍സിപി തുടങ്ങിയ പാർട്ടികളിൽ നിന്നും പ്രതിനിധികളുണ്ടായിരുന്നു.

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ദില്ലിയിലെത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും, രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ്  മുർമ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചത്. നിതീഷ് കുമാറിന്‍റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ 20കാരൻ അറസ്റ്റിൽ
വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ