
തിരുവനന്തപുരം: കെ റെയിൽ (K Rail) സിൽവർ ലൈൻ (Silver Line) പദ്ധതിക്കെതിരെ യുഡിഎഫുമായി (UDF) ചേർന്ന് സമരത്തിനില്ലെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) . സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നമാണ് എന്നും അദ്ദേഹം പറഞ്ഞു.
കെ. റയിൽ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൈയും കെട്ടി നിൽക്കില്ല. ചങ്ങനാശേരി സമരഭൂമിയാണ്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ കോടിയേരിക്ക് എന്തോ പ്രശ്നമുണ്ട്. ചങ്ങനാശേരിയെന്ന് കേൾക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ മറുപടി പറയേണ്ടത് അവരാണ്.
കൊച്ചി മെട്രോയിലെ അപാകത ഇ ശ്രീധരൻ തന്നെയാണ് പറഞ്ഞത്. മറ്റാരും കണ്ടത്തിയതല്ല. അതിനുളള പരിഹാരവും അദ്ദേഹം തന്നെ പറയുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുൻ ഡിജിപി ജേക്കബ് തോമസിനെ കെ.സുരേന്ദ്രൻ തള്ളിപ്പറഞ്ഞു. കാര്യങ്ങൾ മനസിലാക്കാതെയുളള പ്രതികരണമാണ് അദ്ദേഹത്തിന്റേത്. അത്തരം അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. ജേക്കബ് തോമസ് പദ്ധതിയെ അനുകൂലിച്ചിരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.
കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട: മന്ത്രി സജി ചെറിയാൻ
സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകും. സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്.
പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും, പദ്ധതി നടപ്പാക്കും. ബഫർസോൺ ഒരു മീറ്റർ പോലുമില്ല. വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സർക്കാരിനെ പിന്തുണയ്ക്കും. നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം. സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.