'ബിജെപിക്കോ സംഘപരിവാറിനോ കൊലയില്‍ പങ്കില്ല', പോപ്പുലര്‍ ഫ്രണ്ട് കലാപത്തിന് ശ്രമിക്കുന്നെന്ന് ബിജെപി

By Web TeamFirst Published Apr 15, 2022, 5:29 PM IST
Highlights

കൊലപാതകത്തിൽ അന്വേഷണം നടന്നുവരികയാണ്. അതിന് മുൻപ് തന്നെ ബിജെപി - സംഘപരിവാർ സംഘടനകളുടെ മേൽ കുറ്റം കെട്ടി വയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് - എസ്‌ ഡി പി ഐ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ബിജെപി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ (Popular Front) കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിക്കോ സംഘപരിവാർ സംഘടനകൾക്കോ പങ്കില്ലെന്ന് വ്യക്തമാക്കി ബിജെപി (BJP). ജില്ലയിൽ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണിത്. കൊലപാതകത്തിൽ അന്വേഷണം നടന്നുവരികയാണ്. അതിന് മുൻപ് തന്നെ ബിജെപി - സംഘപരിവാർ സംഘടനകളുടെ മേൽ കുറ്റം കെട്ടി വയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് - എസ്‌ ഡി പി ഐ നീക്കം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് പറഞ്ഞു. നാട്ടിൽ കലാപമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് - എസ് ഡി പി ഐ ശ്രമിക്കുന്നത്. പ്രസ്തുത സംഭവത്തിൽ പാർട്ടിക്കോ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷൻ വിശദീകരിച്ചു.

ഇന്ന് ഉച്ചയോടെ പാലക്കാട് എലപ്പുള്ളിയില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്‍റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈറിന്‍റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട്  ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി
 

tags
click me!