
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിൻറെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടാകുക. പല പേരുകളാണ് കേന്ദ്ര പരിഗണനയിലുള്ളത്. മാസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്. തിങ്കളാഴ്ച സംസ്ഥാന കൗൺസിലിന് മുമ്പായി ഞായറാഴ്ച കോർ കമ്മിറ്റി ചേരും. സംസ്ഥാന അധ്യക്ഷനെ സമവായത്തിലൂടെ തന്നെയാകും തീരുമാനിക്കുക. കേന്ദ്ര നിലപാട് പ്രഹളാദ് ജോഷി അറിയിക്കും. അത് കൗൺസിൽ അംഗീകരിച്ച് പ്രഖ്യാപിക്കും.
സമീപ കാലത്ത് അധ്യക്ഷന്മാർ ആരാണെന്നുള്ള കേന്ദ്ര തീരുമാനം നേരത്തെ പുറത്ത് വന്ന ശേഷമാണ് കൗണ്‍സിൽ ചേർന്ന് അംഗീകരിക്കുന്ന നടപടി പൂർത്തിയാക്കിയത്. ഇത്തവണ സസ്പെൻസ് ഒരുപാട് നീണ്ടുപോയി. കേന്ദ്രപ്രതിനിധികൾ ഇതിനിടെ പലവട്ട കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.സുരേന്ദ്രൻ തുടരുമോ, അതോ പുതിയൊരാൾ വരുമോ എന്നതാണ് ആകാംക്ഷ. അഞ്ചു വർഷത്തെ കാലാവധി നിർബന്ധമാക്കിയാൽ സുരേന്ദ്രൻ മാറും. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളും സജീവമായി പരിഗണനയിലുണ്ട്. പുതിയ പരീക്ഷണത്തിനാണ് ശ്രമമെങ്കിൽ രാജീവ് ചന്ദ്രശേഖറിൻറെ പേരും വന്നേക്കാം.
മിഷൻ കേരള മുന്നിൽ കണ്ട് കേന്ദ്രനേതൃത്വം സംസ്ഥാനത്ത് പലതരത്തിലുള്ള നീക്കങ്ങളാണ് ആലോചിക്കുന്നത്. അധ്യക്ഷനെ തീരുമാനിച്ചതിന് പിന്നാലെ കോർ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും അഴിച്ചുപണി ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam