
തിരുവനന്തപുരം: അഡ്വക്കേറ്റ് ശങ്കു ടി.ദാസിന്റെ വാഹനാപകടത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണങ്ങൾ തള്ളി ബിജെപി സംസ്ഥാന വക്താവ്. ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർത്ഥ്യമാണെന്നും നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ലെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ടാണ് ബിജെപി സംസ്ഥാന വക്താവിന്റെ പ്രതികരണം.
എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാകാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണമെന്നും സന്ദീപ് കുറിച്ചു. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുകയെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കുന്നു.
വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസ്സിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണമെന്നും അതുവരെ ക്ഷമിക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് ഭാവന മാത്രമാണെന്നും അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് ശങ്കു ടി.ദാസ് അപകടത്തിൽപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ശങ്കു ടി. ദാസിനെ. ബാർ കൗൺസിൽ അംഗമായ ശങ്കു ടി.ദാസ് തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി.ദാസ് ആണ്.
അപകടത്തിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ഉന്നയിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാർട്ടി സംസ്ഥാന വക്താവ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് കുറിപ്പ്
ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആർക്ക് അപകടം പറ്റിയാലും അതിന് പിന്നിൽ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവർത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാൻ പോകുന്നവരാണെന്ന സന്ദേശം സമാജത്തിൽ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക.
ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ആണ് ഇത്. സ്ക്രീനിൽ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക. അപകടത്തെ തുടർന്ന് അരമണിക്കൂർ ചോര വാർന്ന് റോഡിൽ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അരകിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാർഥ്യം. ഇപ്പോ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാർത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam