
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി 'മെഡിസെപ്പ്' അടുത്ത മാസം മുതൽ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ജൂലൈ മുതൽ 500 രൂപ പ്രതിമാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കും. വർഷങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് 'മെഡിസെപ്പ്' പദ്ധതിയുടെ പുതുക്കിയ ഉത്തരവിറങ്ങുന്നത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായാണ് 'മെഡിസെപ്പ്' നിലവിൽ വരുന്നത്. പ്രതിവർഷം 4800 രൂപ പ്രീമിയവും പിന്നെ ജിഎസ് ടിയുമാണ് അടക്കേണ്ടത്. ഈ മാസം മുതൽ 500 രൂപ ശമ്പളത്തിൽ നിന്നും പിടിക്കും. മൂന്ന് ലക്ഷമാണ് ചികിത്സാപരിധി. ഒപി ചികിത്സക്ക് പരിരക്ഷയുണ്ടാകില്ല. ഓറിയൻറൽ ഇൻഷുറൻസ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല. പത്താം ധനകാര്യകമ്മീഷന്‍റെ ശുപാർശ പ്രകാരമായിരുന്നു ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് നടപടി തുടങ്ങിയെങ്കിലും മെഡിസെപ്പിൽ ആദ്യ ഉത്തരവിറക്കിയത് ഒന്നാം പിണറായി സർക്കാറാണ്.
ആദ്യം കരാർ കിട്ടിയത് റിലയൻസിനാണ്. പക്ഷെ ചികിത്സാ നിരക്കിനോട് ഭൂരിപക്ഷം ആശുപത്രികളും മുഖം തിരിച്ചതോടെ പദ്ധതിയിൽ അനിശ്ചിതത്വമായി. ഒടുവിൽ റിലയൻസുമായുള്ള കരാർ റദ്ദാക്കി. കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുകയും ചെയ്കു. പിന്നീട് ചികിത്സാ നിരക്ക് കൂട്ടി നിശ്ചയിച്ച ശേഷം വീണ്ടും ടെണ്ടർ വിളിക്കുകയായിരുന്നു. പുതിയ നിരക്കിനോട് കൂടുതൽ ആശുപത്രികൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. സഹകരിക്കുന്ന ആശുപത്രികളുടെ മുഴുവൻ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല പ്രീമിയം തുകയുടെ ഒരു ഭാഗം സർക്കാർ അടക്കണമെന്ന് പ്രതിപക്ഷ സംഘടനാകൾ നേരത്തെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം അതിന് കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam