
തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പിസി ജോർജിനും ഷോൺ ജോർജിനും കടുത്ത വിമർശനം. വോട്ടെണ്ണും മുമ്പ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്ന് നേതാക്കൾ പറഞ്ഞു. ഇങ്ങനെ ആയാൽ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും നേതാക്കൾ യോഗത്തിൽ ചോദിച്ചു. തൃശ്ശൂർ, പാലക്കാട്, ആറന്മുള തോൽവിയിലും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.
ഇന്നത്തെ ബിജെപി കോർ കമ്മിറ്റിയിൽ ആണ് പിസി ജോർജിനും ഷോൺ ജോർജിനും എതിരെ കടുത്ത വിമർശനം ഉയർന്നത്. പരാജയത്തെ പറ്റിയുള്ള ചർച്ചകൾക്കായാണ് കോർ കമ്മിറ്റി യോഗം ചേർന്നത്. ബിജെപി ഹിന്ദുത്വ നിലപാട് വെടിയണം എന്ന് ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. ഇത്തരത്തിൽ ഒരു പേരുദോഷം ഉണ്ടെങ്കിൽ അത് മാറ്റാനാണ് ക്രിസ്ത്യൻ ഔട്ട് റീച്ചിലേക്ക് മാറിയത് എന്ന് നേതാക്കൾ തിരിച്ചടിച്ചു. വോട്ടെണ്ണുന്നതിന് മുൻപ് ജോർജും ഷോണും സഭ അധ്യക്ഷന്മാരെ വിമർശിച്ചു എന്നും നേതാക്കൾ കമ്മിറ്റിയിൽ പറഞ്ഞു. ഇങ്ങനെ ആയാൽ എങ്ങനെ ക്രൈസ്തവ വോട്ട് കിട്ടുമെന്നും ചോദിച്ചു. ഇതിന് ഷോണിനും ജോർജിനും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
ഇതിനിടെ, മുതിർന്ന നേതാക്കൾ ഒരു മണ്ഡലം കേന്ദ്രീകരിക്കണം എന്ന് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു. ഇത്തരത്തിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണ് പാലക്കാട് ശോഭ സുരേന്ദ്രൻ്റെ തോൽവിക്ക് കാരണമായതെന്നും കോർ കമ്മിറ്റിയിൽ അഭിപ്രായം വന്നു. തൃശ്ശൂർ, പാലക്കാട്, ആറന്മുള തോൽവിയിലും രൂക്ഷ വിമർശനം ഉണ്ടായി. വി മുരളീധരൻ്റെ പേര് എടുത്തുപറഞ്ഞ് യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു. വി മുരളീധരന്റെ ജയം മികച്ച മാതൃക ആണെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam