
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തിൽ എൻഡിഎ മുന്നണിയ്ക്കായി ബിജെപി സ്ഥാനാർത്ഥി തന്നെ മത്സരിച്ചേക്കും. പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജ്ജ് രംഗത്തുണ്ടെങ്കിലും ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിയ്ക്ക് തന്നെ നറുക്ക് വീഴുമെന്നാണ് സൂചന.
പാലായിൽ വിജയിക്കണമെങ്കിൽ എൻഡിഎ കേരള കോൺഗ്രസ്സുകാരനെ തന്നെ രംഗത്തിറക്കണമെന്നാണ് പിസി തോമസും പിസി ജോർജ്ജും ആവർത്തിക്കുന്നത്. രണ്ട് പേർക്കും ഈ സീറ്റിൽ കണ്ണുണ്ട്. എന്നാൽ ഇത്തവണ സീറ്റ് വിട്ട് നൽകേണ്ടതില്ലെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്‍റെ തീരുമാനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ച് തെരഞ്ഞെടുപ്പിനുള്ള പ്രഥമിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി രംഗത്തിറങ്ങിയ ജില്ലാ പ്രസിഡന്റ് എൻ ഹരിയെത്തന്നെ ബിജെപി ഇത്തവണയും പരീക്ഷിക്കും.. 2016 എൻ ഹരി മത്സരിച്ചപ്പോൾ എൻഡിഎയുടെ വോട്ട് 24,821 ആയി ഉയർന്നിരുന്നു. പാലാ മണ്ഡലത്തിന്‍റെ ഭാഗമായ രാമുപുരം, തലപ്പാലം, എലിക്കുളം പഞ്ചായത്തുകളിൽ ബിജെപിയ്ക്ക് നല്ല സ്വാധീനമുണ്ട്. പോരാത്തതിന് പിസി ജോർജ്ജിന് സ്വാധീനമുള്ള പൂഞ്ഞാറിന്‍റെ ഭാഗമായ പഞ്ചായത്തുകളും മണ്ഡലത്തിലുണ്ട്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ പിസി തോമസിന് 26,000-ത്തിലേറെ വോട്ടാണ് പാലായിൽ ലഭിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂവായിരത്തോളം വോട്ടാണ് വർധിച്ചത്. ഇടത് മുന്നണിയും എൻഡിഎയും തമ്മില്‍ പാലായിലുണ്ടായ അന്തരം കേവലം 7000 വോട്ടിന്‍റേത് മാത്രമാണ്. എന്നാൽ എന്‍ഡിഎയ്ക്ക് വിജയിക്കണമെങ്കിൽ ബിജെപി സ്ഥാനാർത്ഥിയല്ല പൊതു സ്വതന്ത്രനാണ് വേണ്ടതെന്ന് പിസി ജോർജ്ജ് വ്യക്തമാക്കുന്നു. ഈ മാസം 30ന് തന്നെ എൻഡിഎ യോഗം ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 66,971 വോട്ടുകള്‍ നേടി പാലാ മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 33499 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 26533 വോട്ടുകളുമാണ് ലഭിച്ചത്. 6,966 വോട്ടുകളുടെ വ്യത്യാസമാണ് എല്‍ഡിഎഫും ബിജെപിയും തമ്മില്‍. കേരള കോണ്‍ഗ്രസിലെ തമ്മിലടിയും ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് നേരിടുന്ന പ്രതിസന്ധിയും കൂടി കണക്കിലെടുക്കുമ്പോള്‍ ആഞ്ഞുപിടിച്ചാല്‍ പാലാ പിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam