കേരള കോണ്‍ഗ്രസ്: നിര്‍ണായകമായ കോടതി വിധികള്‍ ഇന്ന്

By Web TeamFirst Published Aug 27, 2019, 6:52 AM IST
Highlights

ജോസ് കെ മാണിയെ ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടി ചെയർമാനായി തെരഞ്ഞെടുത്തത് ചോദ്യം ചെയ്ത് ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ഇടുക്കി മുൻസിഫ് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു

കോട്ടയം: ജോസ് കെ മാണി കേരള കോൺഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവ് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കട്ടപ്പന സബ്കോടതി ഇന്ന് വിധി പറയും. ജോസഫ് പക്ഷം വിളിച്ച് കൂട്ടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലും ഇന്നാണ് വിധി. പാല ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങൾക്കും കോടതി വിധികൾ നിർണായകമാണ്.

ജോസ് കെ മാണിയെ ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടി ചെയർമാനായി തെരഞ്ഞെടുത്തത് ചോദ്യം ചെയ്ത് ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ഇടുക്കി മുൻസിഫ് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. ജോസ് കെ മാണിയ്ക്ക് ചെയർമാന്‍റെ അധികാരങ്ങൾ പ്രയോഗിക്കുന്നതിനായിരുന്നു സ്റ്റേ. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി നൽകിയ അപ്പീലിലാണ് കട്ടപ്പന സബ് കോടതി ഇന്ന് ഉത്തരവ് പറയുക.

പാര്‍ട്ടി ചിഹ്നം സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കാനുള്ള അധികാരം പിജെ ജോസഫിൽ നിക്ഷിപ്തമാക്കിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അസാധുവാക്കണമെന്നാണ് ജോസ് കെ മാണി വിഭാഗം കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് എതിരായാൽ ജോസഫ് വിഭാഗത്തിന് പാർട്ടി ചിഹ്നമായ രണ്ടിലയിലുള്ള പിടി അയയും. 

മറിച്ചാണെങ്കിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള അധികാരം ജോസഫ് പക്ഷത്തിനാണെന്നുള്ള വാദത്തിന് ബലമേറും.കോടതി വിധി എന്തായാലും ഇരുവിഭാഗങ്ങളും മേൽക്കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. എങ്കിലും വിധി അനുകൂലമായാൽ മുന്നണിയിലെ വിലപേശലിന് ഇത് സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് ഇരുപക്ഷവും

click me!