
കണ്ണൂർ: ബിജെപി പ്രവർത്തകനായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും പ്രവർത്തകരും അടക്കം ഒൻപത് പ്രതികൾ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിൽ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികൾ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരജ് നാരായണൻ , ടി പി കേസ് പ്രതി ടി.കെ രജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടി.കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി.
ഇതില്‍ ഒന്നാം പ്രതിയാണ് ടി.കെ രജീഷ്. എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതികൾക്കെതിരെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam